എന്നോട് പാകിസ്താനിലേക്ക് പോകാനാണ് അവര്‍ പറയുന്നത്. ആര്‍ക്കാണ് അതിനുള്ള അവകാശം അവര്‍ക്ക് കൊടുത്തിരിക്കുന്നത്. ഞാന്‍ അവരെ പോലെയുള്ള ഒരു ഹിന്ദുവല്ല എങ്കില്‍ ഞാനിവിടെ ജീവിക്കണ്ട എന്നാണ്അവരുടെ നിലപാട്

തിരുവനന്തപുരം: ഗുണ്ടായിസം കാണിച്ചാണ് തന്‍റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ മറുപടി നല്‍കുന്നതെന്ന് ശശി തരൂര്‍. തിരുവനന്തപുരത്തെ എംപി ഓഫീസ് ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍കൃത്യമായി സംപ്രേക്ഷണം ചെയ്തിരുന്നു എന്നാല്‍ അക്രമം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സങ്കുചിത രാഷ്ട്രീയനിലപാടാണ് ബിജെപിയുടേത്. സ്വാതന്ത്ര്യസമരകാലത്ത് രണ്ട് തരം ആശയങ്ങളാണ് രാഷ്ട്രവിഭജനത്തെക്കുറിച്ച് ഉയര്‍ന്നു വന്നത്. ഒന്ന് മതം അടിസ്ഥാനമാക്കി പാകിസ്താന്‍ എന്ന രാഷ്ട്രം. രണ്ട് ഇന്ത്യ എന്ന മതേതര രാഷ്ട്രം. ഭൂരിപക്ഷം ഹിന്ദുകളും എല്ലാവര്‍ക്കുമൊപ്പം ജീവിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത് അതാണ് ഇന്ത്യ എന്ന രാജ്യത്തെ സൃഷ്ടിക്കാന്‍ കാരണമായത്. 

സ്വാമി വിവേകാനന്ദനെ ബിജെപി ഇടയ്ക്കിടെ എടുത്ത് ഉപയോഗിക്കുന്നുണ്ട്. എന്താണ് ഹിന്ദു മതത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. സഹിഷ്ണുത മാത്രമല്ല ഇതരസംസ്കാരങ്ങളെയും മതങ്ങളേയും ബഹുമാനിക്കുന്നതും ഹിന്ദു മതത്തിന്‍റെ അടിസ്ഥാനതത്വങ്ങളില്‍പ്പെട്ടതാണ് എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഞാന്‍ എന്‍റെ സത്യത്തെ ബഹുമാനിക്കുന്നു, നിങ്ങളും എന്‍റെ സത്യത്തെ ബഹുമാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാട്.

സ്വാമി വിവേകാനന്ദന്‍ മുന്നോട്ട വച്ച ഹൈന്ദവ ആശയങ്ങളാണോ ബിജെപി കൊണ്ടുനടക്കുന്നത്. എന്നോട് പാകിസ്താനിലേക്ക് പോകാനാണ് അവര്‍ പറയുന്നത്. ആര്‍ക്കാണ് അതിനുള്ള അവകാശം അവര്‍ക്ക് കൊടുത്തിരിക്കുന്നത്. ഞാന്‍ അവരെ പോലെയുള്ള ഒരു ഹിന്ദുവല്ല എങ്കില്‍ ഞാനിവിടെ ജീവിക്കണ്ട എന്നാണ്അവരുടെ നിലപാട് . ഹിന്ദുയിസത്തില്‍ താലിബാനിസം വരാന്‍ തുടങ്ങിയോ...? 

ഭാരതമെന്നാല്‍ ഭരണഘടന വിഭാവനചെയ്ത ഭാരതമാണ്. അതിനെ സംരക്ഷിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ബിജെപി സംസാരിക്കുന്നത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണ് അത് ഭാരതത്തെ നശിപ്പിക്കും. പാകിസ്താന്‍ കാണിച്ചു വച്ച മണ്ടത്തരം ലോകത്തിന് മുന്നിലുണ്ട്. എല്ലാ മതങ്ങളേയും സംസ്കാരങ്ങളേയും സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന എന്നതാണ് ഭാരതത്തിന്‍റെ കീര്‍ത്തി. അതിന്‍റെ പേരിലാണ് ലോകത്തെല്ലാവരും നമ്മെ അംഗീകരിക്കുന്നത്. 

രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ച് ബിജെപി അജന്‍ഡ നടപ്പില്‍ വരാന്‍ സമ്മതിക്കരുത്. ബിജെപിയെ നേരിടുന്നതില്‍ സിപിഎമ്മിന് വന്ന വീഴ്ച്ചകളും നാം ഈ ഘട്ടത്തില്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. എല്ലാവരും ചേര്‍ന്ന് ബിജെപിയെ നേരിടാന്‍ ശ്രമിക്കുന്പോള്‍ എവിടെയാണവര്‍.