ന്യൂയോര്‍ക്ക്: കടുകട്ടി ഇംഗ്ലീഷ് വാക്കുകളുമായി വന്ന് ആളുകളെ ഞെട്ടിക്കുന്ന കാര്യത്തില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കുപ്രസിദ്ധനാണ്. അധികമാരും കേട്ടിട്ടില്ലാത്തതും ഉപയോഗിച്ചിട്ടില്ലാത്തതുമായ വാക്കുകള്‍ കൊണ്ട് അദ്ദേഹം ഇടുന്ന ട്വീറ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു ട്വീറ്റ് മറ്റൊരു കാര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സാധാരണയായി ഇംഗ്ലീഷ് നിഘണ്ടു കണ്ടെത്തി തരൂര്‍ ഉപയോഗിച്ച പദം തേടുകയാണ് ആളുകള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ തരൂരിനും ഒരു തെറ്റ് സംഭവിച്ചിരിക്കുന്നു..!

സംഭവം വേറൊന്നുമല്ല, ഒരു ട്വീറ്റില്‍ ലളിതമായതും സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നതുമായ ഒരു വാക്കിന്‍റെ സ്പെല്ലിംഗ് തരൂരിന് തെറ്റിപ്പോയി. യുഎഇയില്‍ അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രം ട്വീറ്റ് ചെയ്തതിലാണ് അബദ്ധം പിണഞ്ഞത്. ഇന്നോവേഷന്‍(innovation) എന്ന വാക്കിന് പകരം ഇന്നിവേഷന്‍ (innivation) എന്നാണ് തരൂര്‍ കുറിച്ചത്.

ഇത് കണ്ടെത്തിയ സോഷ്യല്‍ മീഡിയ പല തരത്തില്‍ അതിനെ വ്യാഖ്യാനിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ഏറെ പ്രാവീണ്യമുള്ള തരൂരില്‍ നിന്നുണ്ടായ തെറ്റിനെ ചിലര്‍ ട്രോളിയപ്പോള്‍ അങ്ങനെ ഒരു വാക്ക് തരൂര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന ചെയ്തതാകാം എന്ന സര്‍ക്കാസവുമായി നിരവധി പേരെത്തി. എന്നാല്‍, തന്‍റെ തെറ്റ് സമ്മതിച്ച് പിന്നീട് തരൂര്‍ തന്നെ ട്വീറ്റുമായെത്തി.