ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട ശശികല പൊട്ടിക്കരഞ്ഞു. ജയലളിതയുടെ ബിനാമിയായി ശശികല പ്രവര്‍ത്തിച്ചു എന്നതും ഇന്ന് സുപ്രീംകോടതി ശരിവച്ചിരുന്നു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നാണ് ശശികല വിധി അറിഞ്ഞത്. എംഎല്‍എമാര്‍ക്ക് ഒപ്പമായിരുന്നു ശശികല ഉണ്ടായിരുന്നത്. വിധി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ഒരു വിധി ശശികല ക്യാമ്പ് പ്രതീക്ഷിച്ചിരുന്നില്ല.
അതേ സമയം കൂവത്തൂരിലെ പ്രദേശികവാസികള്‍ വിധിയില്‍ ആഹ്ളാദ പ്രകടനം നടത്തി. ഇവിടുത്തെ പ്രദേശിക വാസികള്‍ പനീര്‍ശെല്‍വത്തിന് പിന്തുണയ്ക്കുന്നവരാണ്. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് ഇന്ന് ശശികലയ്ക്കെതിരെ കേസിൽ വിധി പറഞ്ഞത്.
പുതിയ വിധിയോടെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്നാട്ടില്‍ സംഭവിക്കുക എന്നാണ് കരുതുന്നത്. അതേ സമയം തമിഴ്നാട് രക്ഷപ്പെട്ടു എന്നാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രതികരിച്ചത്. വിധിയില്‍ വലിയ സന്തോഷമാണ് പനീര്‍ശെല്‍വം ക്യാമ്പ് നടത്തുന്നത്.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.
