ചെന്നൈ: ശശികലയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ആറിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.

തമിഴ്നാട്ടിലെ ബീവറജസ് കോർപ്പറേഷനായ ടാസ്മാകിനുൾപ്പടെ ഡിസ്റ്റിലറീസ് വിതരണം ചെയ്തിരുന്ന മിഡാസ് ഗ്രൂപ്പിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരും ചെന്നൈയുമുൾപ്പടെ ആറിടങ്ങളിലാണ് റെയ്ഡ്. ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ ബന്ധു കാർത്തികേയൻ കാലിയപെരുമാളിന് ഓഹരി പങ്കാളിത്തമുള്ള എസ് വി എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കോയമ്പത്തൂർ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. 

കാർത്തികേയന്‍റെ ചെന്നൈ അഡയാർ കർപ്പകം ഗാർഡൻസിലുള്ള വീട്ടിലും പരിശോധന നടക്കുകയാണ്. രണ്ട് മാസം മുൻപ് ശശികല കുടുംബവുമായി ബന്ധപ്പെട്ട ആയിരത്തിയഞ്ഞൂറോളം ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ ഐടി റെയ്ഡുകളിൽ പക്ഷേ കാര്യമായി ഒന്നും കണ്ടെടുക്കാൻ വകുപ്പിന് കഴിഞ്ഞിരുന്നില്ല.