ബംഗലുരു: ജയിലിലായ എഐഎഡിഎംകെ നേതാവ് ശശികലയെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പരമ്പര കൊലപാതകിയായ കൊടും കുറ്റവാളിയെ ഹന്‍ഡാല്‍ഗ ജയിലിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ 'സയനൈഡ്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മല്ലികയെന്ന കെമ്പമ്മയെയായിരുന്നു പാര്‍പ്പിച്ചിരുന്നത്. ആറു പേരെ കൊലപ്പെടുത്തിയ കെമ്പമ്മയെ ഇതോടെ വടക്കന്‍ കര്‍ണാടകയിലെ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ ജയിലിലേക്ക് മാറ്റി. 

സയനൈഡ് കൊലപാതകി മല്ലികയുടെ തൊട്ടടുത്ത സെല്ലില്‍ ആണെന്നത് എഐഎഡിഎംകെ നേതാവിന്റെ ജീവന് ഭീഷണിയായിരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ പരമ്പരകൊലയാളി എന്ന നിലയിലാണ് മല്ലികയുടെ കുപ്രസിദ്ധി. 52 കാരിയായ ഇവര്‍ മോഷണത്തിന് വേണ്ടി ആറിലധികം സ്ത്രീകളെയാണ് വധിച്ചത്. 

ബംഗലുരുവിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ വെച്ച് പണക്കാരികളായ സ്ത്രീകളുമായി പരിചയം ഉണ്ടാക്കിയ ശേഷം ഇവരെ പിന്നീട് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും അവരില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പല കേസുകളിലും പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് 2008 ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. സുരക്ഷാ കാരണങ്ങളാലാണ് മാറ്റുന്നതെന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും ശശികലയുമായി മല്ലിക സൗഹൃദത്തില്‍ ആയിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

ഭക്ഷണ സമയത്ത് ശശികലയെ ക്യൂവില്‍ നില്‍ക്കാന്‍ അനുവദിക്കാതെ ഭക്ഷണം അവര്‍ തന്നെ വാങ്ങി നല്‍കും. അതേസമയം ജയില്‍ മാറുന്ന വിവരം മല്ലികയെ ഇതുവെ അധികൃതര്‍ അറിയിച്ചിട്ടില്ല. മറ്റൊരു സെല്ലിലേക്ക് മാറുന്നതിനായി ഏടു കെട്ടുകളെല്ലാം എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 
രാജ്യത്തെ പുരാതന ജയിലുകളില്‍ ഒന്നായ ഹിന്‍ഡാഗാ ജയിലില്‍ കൊലപാതക, തീവ്രവാദ കേസുകളിലും പെടുന്ന പ്രതികളെ മാത്രമാണ് പാര്‍പ്പിക്കാറുള്ളത്. 

അതിനിടയില്‍ ശശികലയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ശശികലയുടെ അഭിഭാഷകര്‍ നടത്തുകയാണ്. അതേസമയം ശശികലയെ പാര്‍പ്പിച്ചിട്ടുള്ള ജയിലില്‍ മറ്റൊരു ക്രൂരയായ കൊലപാതകി കൂടിയുണ്ട്. അഡ്വ. ശുഭാ ശങ്കരനാരായണന്‍. 2003 ല്‍ കാമുകനും സഹായിയുമായി ചേര്‍ന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇവര്‍ തടവിലായിരിക്കുന്നത്.