ദില്ലി: കീഴടങ്ങാന്‍ സാവകാശം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉത്തരവിലെ ഒരു വാക്കും മാറ്റാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലേയെന്നും കോടതി വിമര്‍ശിച്ചു. കീഴടങ്ങാന്‍ വൈകുന്നതിലെ അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി ശക്തമായ വിമര്‍ശനമാണ് ശശികലയ്‌ക്ക് എതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ശശികലയുടെ ശിക്ഷ ശരിവെച്ച ജസ്റ്റിസ് പി സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഉടന്‍ കീഴടങ്ങാന്‍ ശശികലയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്നുതന്നെ കീഴടങ്ങാന്‍ തയ്യാറാണെന്ന് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സാവകാശം വേണമെന്ന ഹര്‍ജി തള്ളിയതോടെ ശശികല താമസിക്കുന്ന പോയസ് ഗാര്‍ഡനിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പോയസ് ഗാര്‍ഡന് മുന്നിലെ തടിച്ചുകൂടിയിട്ടുണ്ട്. അനധികൃത സ്വത്ത്സമ്പാദനക്കേസില്‍ ശശികലയ്‌ക്കും ജയലളിതയ്ക്കുമെതിരായ കീഴ്‌കോടതി വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ശരിവെച്ചത്. കോടതി വിധി പ്രകാരം നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ.

ശശികല ഇന്നുതന്നെ ഹാജരാകും

കീഴടങ്ങാന്‍ സാവകാശം വേണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശശികല ഇന്ന് ബംഗലുരു കോടതിയില്‍ ഹാജരാകും. ശശികലയുടെ അഭിഭാഷകന്‍ ബംഗലുരു കോടതിയിലെത്തി. അതേസമയം എപ്പോഴാണ് ശശികല കീഴടങ്ങുകയെന്ന് തീരുമാനിച്ചിട്ടില്ല.