ചെന്നൈ: അണ്ണാ ഡി എം കെയിലെ രാഷ്ട്രീയ ബലാബലത്തില്‍ പരാജയം സമ്മതിച്ച് ശശികല പക്ഷം. ആരുമായും ഏറ്റുമുട്ടലിനില്ലെന്നും എംഎല്‍എമാരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ ടി ടി വി ദിനകരന്‍ ഉച്ചക്ക് ശേഷം നടത്താനിരുന്ന എംഎല്‍എമാരുടെ യോഗവും വേണ്ടെന്ന് വച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ദില്ലി പൊലീസ് ഇന്നോ നാളെയോ ദിനകരനെ കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്. അതേസമയം പനീര്‍ശെല്‍വം വിഭാഗവും പളനിസ്വാമി വിഭാഗവും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായില്ല.
പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം രണ്ടക്കം കടക്കില്ലെന്ന് ഉറപ്പായതോടെയാണ് ടി ടി വി ദിനകരന്‍ പരാജയം സമ്മതിച്ച് പിന്‍മാറിയത്. ആരുമായും ഏറ്റുമുട്ടലിനില്ലെന്നും താന്‍ മാറിനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കില്‍ അതിന് തയ്യാറാണെന്നും ദിനകരന്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗം വേണ്ടെന്നുവച്ച ദിനകരന്‍ തനിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല.
വൈകാതെ ശശികലയെ കണ്ട ശേഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ദിനകരന്‍ ഒഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. മാറിനല്‍ക്കാനുള്ള ദിനകരന്റെ തീരുമാനം ധര്‍മയുദ്ധത്തിന്റെ വിജയമാണെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു.
പനീര്‍ശെല്‍വം, പളനി സ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ഇനിയും അന്തിമ ധാരണയായില്ല. മുഖ്യമന്ത്രി ആരാകണം എന്നതിനെച്ചൊല്ലിയാണ് പ്രധാന തര്‍ക്കമെന്നാണ് സൂചന. പനീര്‍ശെല്‍വത്തിനൊപ്പമുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം നാളെ ചേരും. നിയമസഭയുടെ അടിയന്തര സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഡിഎംകെ സ്പീക്കറോട് ആവശ്യപ്പെട്ടു.
