ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കീഴടങ്ങാനെത്തുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികല കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകാതെ നേരെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് ശശികല എത്തുക. കേസില്‍ വിധി പറഞ്ഞ ബംഗളുരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ബംഗളുരുവില്‍ സുരക്ഷാപ്രശ്‌നം ഉണ്ടെന്ന ശശികലയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ജയിലിലേക്ക് പോകാന്‍ കോടതി അവരെ അനുവദിച്ചത്. ഇതേത്തുടര്‍ന്ന് ശശികലയ്‌ക്ക് കീഴടങ്ങുന്നതിനായി ജയില്‍ വളപ്പില്‍ താത്കാലിക കോടതി ചേരും. ഇത് സംബന്ധിച്ച വിജ്ഞാപനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് ശശികല ബംഗളുരുവിലേക്ക് യാത്ര തിരിച്ചത്. രാവിലെ പോയസ് ഗാര്‍ഡനില്‍നിന്ന് യാത്ര തിരിച്ച ശശികല, മറീന ബീച്ചിലെ ജയലളിതയുടെ സ്‌മൃതിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ബംഗളുരുവിലേക്ക് പോയത്. റോഡ് മാര്‍ഗമാണ് ശശികല ബംഗളുരുവിലേക്ക് പോകുന്നത്. പോയസ് ഗാര്‍ഡനില്‍നിന്ന് പുറപ്പെടുന്നതുമുതല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ശശികലയുടെ യാത്ര. ശശികല കീഴടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞു നിരവധി എ ഐ എ ഡി എം കെ പ്രവര്‍ത്തകരും പോയസ് ഗാര്‍ഡനിലും മറീന ബീച്ചിലും എത്തിയിരുന്നു. ശശികലയുടെ വാഹനം കടന്നുപോകുന്ന റോഡിന് ഇരുവശത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.
