ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക്  ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ലഭിക്കുന്നത് വിഐപി പരിഗണന. ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണ ലഭിക്കുന്നതായി വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തിക്ക് ആർടിഐ പ്രകാരം മറുപടി ലഭിച്ചു. ജയിലിൽ ശശികലയ്ക്ക് അഞ്ച് മുറികളും പ്രത്യേകം അടുക്കളയും ടിവിയുമടക്കം ചട്ടവിരുദ്ധമായി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും  ശശികലയെ കാണാൻ നിയന്ത്രണമില്ലാതെ സന്ദർശകരെത്തുന്നുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ജയിലിലെ നിയമങ്ങൾ മറികടന്ന് ശശികലയ്ക്ക് സൗകര്യങ്ങൾ ലഭിക്കുന്നത് ചൂണ്ടി കാട്ടിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി രൂപയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ടലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ, ജയിൽ മേധാവികൾ ഇതിനായി രണ്ട്  കോടി രൂപ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു. ആരോപണ വിധേയനായ അന്നത്തെ ജയിൽ വകുപ്പ് മേധാവി സത്യനാരായണറാവു ദീപയ്ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ് നൽകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. പിന്നീട് രൂപയുടെ കണ്ടെത്തലുകൾ പരിശോധിച്ച വിനയ കുമാർ കമ്മീഷനും ശശികലയ്ക്ക് വിഐപി പരിഗണന കിട്ടുന്നതായി സ്ഥിരീകരിച്ചിരുന്നു.