ആറാം ദിനം രാവിലെ മുതല്‍ കടലോര ഗ്രാമമായ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നേതാക്കളും എം.എല്‍.എമാരും തിരക്കിട്ട കൂടിയാലോചനയിലായിരുന്നു. പുറത്ത് കനത്ത പൊലീസ് കാവല്‍. മാധ്യമങ്ങളെ ഗേറ്റില്‍ തടഞ്ഞു. പാര്‍ട്ടി നേതാക്കളുടെ കാറുകള്‍ അതിവേഗം ഗേറ്റ്കടന്നുപോയി. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ കൂടെ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്ന ഫിഷറീസ് മന്ത്രി വിജയകുമാര്‍ വന്നു. ശശികലയ്‌ക്ക് പൂര്‍ണപിന്തുണയെന്നും ഒപിഎസ് ചതിയനാണെന്നും വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.
ആറുമണിയോടെ ചെന്നൈയില്‍നിന്നും ശശികല റിസോര്‍ട്ടിലെത്തി. മുതിര്‍ന്ന നേതാക്കളായ സെങ്കോട്ടയെനേയും എടപ്പടി കെ പളനിസാമിയേയും കണ്ട് നാളെ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലുള്ള കൂടിയാലോചന നടത്തി. എം.എല്‍.എമാരോട് സംസാരിക്കുന്നതിനിടെ ശശികല വിതുമ്പിക്കരഞ്ഞു. എട്ടുമണിയോടെ മുതിര്‍ന്ന നേതാവ് തമ്പിദുരെ റിസോട്ടിലേക്ക് വന്നുചര്‍ച്ച നടത്തി. ഇതിനിടെ ശശികല ക്യാമ്പിലുണ്ടായിരുന്ന മധുര എം.പി ആര്‍ ഗോപാലകൃഷ്ണനും മധുര സൗത്ത് എം.എല്‍.എ ശരവണനും പനീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. എട്ടരയ്‌ക്ക് ശശികല മാധ്യമങ്ങളെ കണ്ടു. എം.എല്‍.എമാര്‍ക്കൊപ്പം റിസോട്ടില്‍ താമസിക്കുകയാണെന്നും നാളെത്തെ വിധി തനിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. നിര്‍ണായകമായ ഏഴാംദിനത്തിലേക്ക് നാളെ തമിഴകം ഉണര്‍ന്നെഴുന്നേല്‍ക്കും.
