സിസ്റ്റർ അമല കൊലക്കേസ് പ്രതിയായ സതീഷ് കുമാർ കുറ്റക്കാരനെന്ന് കോടതിവിധി. ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞു.

പാലാ: സിസ്റ്റർ അമല കൊലക്കേസിലെ പ്രതിയായ സതീഷ് കുമാർ കുറ്റക്കാരനെന്ന് കോടതി വിധി. പാലാ ഡിസ്ട്രിക്ട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. 

പാലാ കാര്‍മലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റർ അമലയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. 2015 സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരികയാണ്.