വിവാഹത്തിന്റെ പവിത്രതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഈ വിധിയെന്നാണ് സ്വാതി മാലിവാളിന്റെ അഭിപ്രായം. വിവാഹം കഴിക്കാൻ അനുവാദം നൽകുന്നതോടൊപ്പം തന്നെ വിവാഹേതര ബന്ധങ്ങൾക്കും അനുമതി നൽകുന്നതിനോട് വിയോജിക്കുന്നുവെന്നും സ്വാതി മാലിവാൾ അഭിപ്രായപ്പെടുന്നു.

ദില്ലി: വിവാഹേതര ബന്ധം ക്രിമിനൽ‌ കുറ്റമല്ല എന്ന സുപ്രീം കോടതി വിധി തീർത്തും സ്ത്രീവിരുദ്ധമായ തീരുമാനമെന്ന് ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് എടുത്തു മാറ്റിയത്. വിവാഹത്തിന്റെ പവിത്രതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഈ വിധിയെന്നാണ് സ്വാതി മാലിവാളിന്റെ അഭിപ്രായം. വിവാഹം കഴിക്കാൻ അനുവാദം നൽകുന്നതോടൊപ്പം തന്നെ വിവാഹേതര ബന്ധങ്ങൾക്കും അനുമതി നൽകുന്നതിനോട് വിയോജിക്കുന്നുവെന്നും സ്വാതി മാലിവാൾ അഭിപ്രായപ്പെടുന്നു.

''സുപ്രീം കോടതി വിധിയോട് പൂർണ്ണമായും വിയോജിക്കുന്നു. വിവാഹിതരായവർക്ക് വിവാഹേതര ബന്ധത്തിന് അനുമതി നൽകുന്ന വിധിയാണിത്. അങ്ങനെ വരുന്പോള്‍ വിവാഹത്തിന് എന്ത് പവിത്രതയാണ് ഉള്ളത്? വിവാഹേതര ബന്ധത്തിൽ‌ രണ്ട് പേരും ശിക്ഷിക്കപ്പെടുമ്പോഴാണ് നിയമം നിഷ്പക്ഷമാകുന്നത്. സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന നിയമമാണിതെന്ന് എനിക്ക് തോന്നുന്നു. അതിനാൽ തന്നെ നിയമം റദ്ദാക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ല.'' 497 വകുപ്പ് റദ്ദാക്കിയതിനെ അപലപിക്കുന്നതായും സ്വാതി കൂട്ടിച്ചേർത്തു.

ബഹുഭാര്യാത്വത്തിലേക്കുള്ള വാതിലാണോ ഈ വകുപ്പ് റദ്ദാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകയായ ബ്രിന്ദാ അഡി​ഗ ചോദിക്കുന്നു. ''പുരുഷന് രണ്ടോ മൂന്നോ നാലോ തവണ വിവാഹം ചെയ്യാനുള്ള അവസരമുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചാലും ഇവരെ ആരും ചോദ്യം ചെയ്യുകയില്ല. വിവാഹേതര ബന്ധം ഒരു ക്രിമിനൽ കുറ്റമല്ലാതാകുമ്പോൾ പുരുഷനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എവിടെയാണ് പരാതി നൽകുക? ഭർത്താവിനെതിരെ പരാതി നൽകാൻ അവർക്ക് സാധിക്കുമോ? അത് പരി​ഗണിക്കപ്പെടേണ്ട കാര്യമാണ്.'' ബ്രിന്ദ ചോദിക്കുന്നു. 

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന വിധിയും മുത്തലാഖും തമ്മിലുള്ള സാമൃത്തെക്കുറിച്ചാണ് കോൺ​ഗ്രസ് നേതാവ് രേണുക ചൗധരി പറയുന്നത്. ബഹുഭാര്യാത്വവും മുത്തലാഖും പോലെയുള്ള കാര്യങ്ങൾ സ്ത്രീകളെ നരകസമാനമായ രീതിയിൽ ബാധിക്കും. ഇതൊരു കുറ്റകൃത്യമല്ല എന്നതിനോട് യോജിക്കുന്നു. എന്നാൽ ഇതെങ്ങനെയാണ് ​ഗുണകരമാകുന്നതെന്ന കാര്യത്തിൽ സുപ്രീം കോടതി വ്യക്തത വരുത്തേണ്ടതാവശ്യമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർഎഫ് നരിമാൻ, എഎൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രവിധിയുടെ പിന്നിലുള്ളത്.