നാലുകോടിയോളം വില വരുന്ന 12 സെന്‍റ് ഭൂമിയാണ്‌ തട്ടിയെടുത്തത്
കൊച്ചി: സത്യസായി ട്രസ്റ്റിന്റെ പേരില് കോടികള് വിലമതിക്കുന്ന ഭൂമി വയോധികയില് നിന്ന് തട്ടിയെടുത്തതായി പരാതി. 87 വയസ്സുള്ള ആലുവ സ്വദേശിനിയുടെ നാലുകോടിയോളം വില വരുന്ന 12 സെന്റ് ഭൂമിയാണ് തട്ടിയെടുത്തത്. സത്യസായിബാബയുടെ ഭക്തയായ സതിഅമ്മ തന്റെ പേരിലുള്ള ഭൂമി സായി ട്രസ്റ്റിന് ദാനം ചെയ്യാന് ആഗ്രഹിച്ചിരുന്നു. ഇത് സായിബാബയെ നേരില് കാണാന് അവസരം ലഭിച്ചപ്പോള് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല് സമയമായില്ലെന്ന് പറഞ്ഞു ബാബ സതിഅമ്മയെ മടക്കി.
ആ കാര്യം മനസിലാക്കിയ ആലുവയില് തന്നെയുള്ള ഒരു പ്രൊഫസര് സായിബാബ പറഞ്ഞിട്ടാണെന്ന് പറഞ്ഞു 2002-ല് സതിഅമ്മയില് നിന്നും ഭൂമി എഴുതി വാങ്ങി. എന്നാല് ഭൂമി എഴുതി നല്കുന്നതിനൊപ്പം സതിഅമ്മ ഒരു കരാറും ഉണ്ടാക്കിയിരുന്നു. തന്റെ രണ്ടു സഹോദരങ്ങള്ക്ക് 50,000 രൂപ വീതം നല്കണമെന്നും തനിക്കു ചിലവിനായി മാസം 10,000 രൂപ വീതം നല്കണമെന്നും സ്ഥലത്ത് മരണം വരെ താമസിക്കാന് സമ്മതിക്കണമെന്നും ആയിരുന്നു കരാര്. കൂടാതെ സ്വത്ത് സായിബാബയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് പ്രമാണം ചെയ്യണം എന്നുമാണ് സതിഅമ്മ ആഗ്രഹിച്ചത്.
എന്നാല് സായി ട്രസ്റ്റിന്റേതെന്നമട്ടില് ഒരു പബ്ലിക്കേഷന് സൊസൈറ്റിയുടെ പേരിലാണ് ഭൂമി രജിസ്റ്റര് ചെയ്തത്. ഇവിടെ മൂന്നു നിലയുള്ള കെട്ടിടം പണിയുകയും ചെയ്തു. എന്നാല് 2006 മുതല് ഈ സൊസൈറ്റി പ്രവര്ത്തിക്കുന്നില്ല. കെട്ടിടത്തിന്റെ ഒരു മൂലയിലാണ് സതിഅമ്മ താമസിച്ചിരുന്നത്. ഇവിടെ നിന്നും പുറത്താക്കാന് ശ്രമിച്ചപ്പോള് മാത്രമാണ് സതിഅമ്മക്ക് തട്ടിപ്പ് മനസിലായത്. തുടര്ന്ന് വനിതാ കമ്മീഷന് നടത്തിയ മെഗാ അദാലത്തില് പരാതിയുമായി എത്തുകയായിരുന്നു.
സായിഭക്തിഗാനം ഉച്ചത്തില് വച്ചും മോട്ടോര് പ്രവര്ത്തിപ്പിക്കാന് സമ്മതിക്കാതെയും മറ്റു പലരീതിയിലും സതിഅമ്മയെ ഇയാള് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പരാതി. സായിബാബയുടെ പേരില് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഭാരവാഹിയാണ് ഭൂമി തട്ടിയെടുത്തത്. സതിഅമ്മയെ കൂടാതെ നിരവധി സായി ഭക്തരെ ഇയാള് പറ്റിച്ചതായി പരാതി ഉണ്ട്. തന്റെ മരണശേഷം സ്വത്തു ഇയാള് കൈവശപ്പെടുത്തും എന്നാണ് സതിഅമ്മ പറയുന്നത്. സ്ഥലം സായിബാബയുടെ യഥാര്ത്ഥ ട്രസ്റ്റ് ഏറ്റെടുക്കണം എന്നതാണ് ഇവരുടെ ആവശ്യം. പരാതിയില് അന്വേഷണം നടത്താന് കമ്മീഷന് ഉത്തരവിട്ടു.
