സൗദിയിൽ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ ലഘൂകരിക്കുന്ന നിയമഭദേഗതിക്ക് തൊഴില്‍ മന്ത്രിയുടെ അംഗീകാരം. തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് കൈവശം വയ്‍ക്കുന്ന തൊഴിലുടമക്കുള്ള പിഴ മൂവ്വായിരത്തില്‍ നിന്ന് രണ്ടായിരം റിയാലാക്കി കുറച്ചു.

തൊഴില്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്താത്ത ജോലികളില്‍ വിദേശികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്‌പോണ്‍സറുടെ മേല്‍ ചുമത്തുന്ന പിഴ പതിനായിരം റിയാലാക്കി കുറക്കാനുള്ള നിയമ ഭേദഗതി തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗുഫൈസ് അംഗീകരിച്ചു. നേരത്തെ ഇതിനുള്ള ശിക്ഷ 15000 റിയാലായിരുന്നു.

തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട്, ഇഖാമ എന്നിവ സൂക്ഷിക്കുന്നതിനു തൊഴിലുടമക്കെതിരെ ചുമത്തുന്ന പിഴയിലും ഭേദഗതി വരുത്തി.

നേരത്തെ ഉണ്ടായിരുന്ന 3000 റിയാലിൽ നിന്ന് പാസ്‌പോര്‍ട്ട് കൈവശം വെയ്‍ക്കുന്ന തൊഴിലുടമക്കുള്ള പിഴ രണ്ടായിരം റിയാലാക്കി കുറച്ചു.

വേതന സുരക്ഷാ നിയമം അനുസരിച്ചു മാസം തോറും നല്‍കുന്ന ശമ്പള വിവരം മന്ത്രാലയത്തിനു നില്‍കാത്ത സ്ഥാപനങ്ങള്‍ക്കും പതിനായിരം റിയാല്‍ പിഴ ചുമത്തും.

തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പതിനയ്യായിരം റിയാല്‍ പിഴ ചുമത്തുന്നതിനുള്ള ഭേദഗതിയും തൊഴില്‍ മന്ത്രി അംഗീകരിച്ചു.