മൂന്നു മാസത്തിനിടെ, നാലര ലക്ഷത്തോളം പ്രവാസികൾ സൗദിയിൽ നിന്ന് മടങ്ങി

കഴിഞ്ഞ മൂന്നു മാസത്തിനിടെ, നാലര ലക്ഷത്തോളം പ്രവാസികൾ സൗദിയിൽ നിന്ന് മടങ്ങിയതായി തൊഴിൽമന്ത്രാലയം. സ്വദേശിവത്ക്കരണ നടപടികളാണ് കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണം.

ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസം മാത്രം സൗദിയില്‍ നിന്നും 4,66,000 വിദേശ തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ്‌ പുറത്തു വിട്ട റിപ്പോര്‍ട്ട്‌ പറയുന്നു. 2016 അവസാനത്തില്‍ ഒരുകോടി എട്ടു ലക്ഷത്തി എണ്‍പതിനായിരം വിദേശികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2017 അവസാനമായപ്പോള്‍ ഒരു കോടി നാല് ലക്ഷത്തി ഇരുപതിനായിരം ആയി കുറഞ്ഞു. പുതിയ സൗദിവല്‍ക്കരണ പദ്ധതികളാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഒരു ലക്ഷത്തോളം സ്വദേശികള്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്‍തു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം മുപ്പത്തിയൊന്നു ലക്ഷത്തി അറുപതിനായിരം ആയിരുന്നു. തൊഴില്‍രഹിതരായ സൗദി യുവതീ യുവാക്കളില്‍ 53.3 ശതമാനവും ബിരുദധാരികള്‍ ആണ്. ആകെ തൊഴിലാളികളില്‍ 15.2 ശതമാനം മാത്രമാണ് സ്‍ത്രീകള്‍. തൊഴിലാളികളില്‍ 76.7 ശതമാനം വിദേശികളും 23.3 ശതമാനം സ്വദേശികളുമാണ്. തൊണ്ണൂറ്റിയൊമ്പത് ലക്ഷത്തി നാല്‍പ്പതിനായിരം പേരാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 26.8 ശതമാനം തൊഴിലാളികള്‍ ഇനിയും ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 175,000 സൗദി പുരുഷന്മാരും 911,000 സൗദി വനിതകളും തൊഴില്‍ രഹിതരാണ് എന്നും റിപ്പോര്‍ട്ട്‌ പറയുന്നു.