സൗദിയില്‍ പരിഷ്കരിച്ച നിതാഖാത് സെപ്റ്റംബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ചെറുകിട സ്ഥാപനങ്ങള്‍ ഇതുപ്രകാരം കൂടുതല്‍ സൗദികളെ ജോലിക്ക് വെക്കേണ്ടി വരും.

കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുക, സൌദികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുക, വനിതാ വല്‍ക്കരണം ശക്തമാക്കുക, വ്യാജ സൗദിവല്‍ക്കരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിഷ്കരിച്ച നിതാഖാത് നടപ്പിലാക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിതാഖാത് പ്രകാരം ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശികളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നഴ്‌സറി സ്കൂളുകള്‍ക്ക് പരിഷ്കരിച്ച നിതാഖാത് പ്രകാരം ഇടത്തരം പച്ച വിഭാഗത്തില്‍ ഇടം നേടണമെങ്കില്‍ എണ്‍പത്തിയഞ്ചു ശതമാനം സൌദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവില്‍ ഇത് നാല്‍പ്പത്തിയാറു ശതമാനമാണ്. നിര്‍മാണമേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ സ്വദേശീവല്‍ക്കരണം പത്ത് ശതമാനത്തില്‍ നിന്നും പതിനാറ് ശതമാനമായി വര്‍ധിപ്പിക്കണം. ജ്വല്ലറികള്‍ ഇരുപത്തിയെട്ടു ശതമാനത്തില്‍ നിന്നും മുപ്പത്തിമൂന്നു ശതമാനമായും, ഫാര്‍മസികള്‍ പതിനൊന്നു ശതമാനത്തില്‍ നിന്നും പത്തൊമ്പത് ശതമാനമായും ടെലെകോം കമ്പനികള്‍ മുപ്പത്തി മൂന്നു ശതമാനത്തില്‍ നിന്നും നാല്‍പ്പതിയഞ്ചു ശതമാനമായും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കേണ്ടി വരും. ബസ് കമ്പനികള്‍ പത്തില്‍ നിന്ന് പതിനഞ്ചായും വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മുപ്പത്തി മൂന്നില്‍ നിന്ന് മുപ്പത്തിയെട്ടു ആയും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കണം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിഷ്കരിച്ച നിതാഖാത് പ്രകാരം ഇരുപത്തിയെട്ടു ശതമാനം സൌദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവില്‍ ഇത് പത്തൊമ്പത് ശതമാനമാണ്. സ്വദേശീവല്‍ക്കരണത്തിന്‍റെ തോത് വര്‍ധിപ്പിക്കുന്നതിനനുസരിച്ചു വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെടും. നിതാഖാത് പ്രകാരം സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ ഇടം നേടണമെങ്കില്‍ നൂറു ശതമാനം സൌദികളെ ജോലിക്ക് വെക്കണം. പുതിയ നിതാഖാത്തിനോടൊപ്പം ജനുവരി മുതല്‍ പുതിയ ലെവിയും പ്രാബല്യത്തില്‍ വന്നാല്‍ സ്വകാര്യ സ്ഥാപങ്ങളില്‍ വിദേശികളുടെ എണ്ണം വളരെ കുറയുമെന്നാണ് വിലയിരുത്തല്‍.