വിമാനത്താവളങ്ങളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും അടക്കമുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസുകളില്‍ നിന്നാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ ആരൊക്കെ, നടപടിക്രമങ്ങള്‍ എങ്ങിനെ എന്ന വിശദമായ വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചു.

യാത്രാ ടിക്കറ്റ്, കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌ അല്ലെങ്കില്‍ താല്‍ക്കാലിക യാത്രാരേഖയായ ഔട്ട്‌പാസ് എന്നിവയാണ് ഫൈനല്‍ എക്‌സിറ്റിന് ആവശ്യമായ രേഖകള്‍. ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടും ടിക്കറ്റുമായി വിമാനത്താവളത്തില്‍ എത്തിയാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. വിമാനത്താവളത്തില്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ വെച്ച് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ അതായത് തര്‍ഹീലില്‍ പോയാല്‍ മതി. ഹുറൂബ് കേസില്‍ പെട്ടവര്‍ ഫൈനല്‍ എക്‌സിറ്റിനായി അബ്ഷിര്‍ വെബ്സൈറ്റ് വഴി അപ്പോയിന്മെന്റ് എടുത്ത് തര്‍ഹീലില്‍ പോകണം. ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍, ഇതുവരെ ഇഖാമ ലഭിക്കാത്തവര്‍, ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി തീര്‍ന്നവര്‍, നിതാഖാത് പ്രകാരം ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്കായി ലേബര്‍ ഓഫീസിനെ സമീപ്പിക്കണം. ലേബര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന കത്തുമായി തര്‍ഹീലില്‍ പോയാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. 

സ്‌പോണ്‍സര്‍ മരണപ്പെട്ട തൊഴിലാളികളും നടപടിക്രമങ്ങള്‍ക്കായി ലേബര്‍ ഓഫീസിനെ സമീപിക്കണം. അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും തര്‍ഹീലില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. കാലാവധിയുള്ള ഇഖാമയുണ്ടെങ്കിലും സ്വന്തം സ്‌പോണ്‍സറെ കുറിച്ച് വിവരമൊന്നും ഇല്ലെങ്കില്‍ അവര്‍ക്കും ലേബര്‍ ഓഫീസില്‍ നിന്നുള്ള കത്തുമായി ജവാസാത്തിനെ സമീപിച്ചാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. എംബസി, കോണ്‍സുലേറ്റ്,ഇവയ്‌ക്ക് കീഴിലുള്ള സഹായ കേന്ദ്രങ്ങള്‍, പുറം കരാര്‍ ഓഫീസുകള്‍ എന്നിവ വഴിയാണ് ഔട്ട്‌പാസ് വിതരണം ചെയ്യുന്നത്. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപ്പിക്കേണ്ടതില്ല. നാട്ടിലേക്കുള്ള യാത്രാ ചെലവ് നിയമലംഘകര്‍ സ്വയം വഹിക്കണം.