സൗദിയില്‍ പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ 31,000 ഇന്ത്യക്കാര്‍ ഇതുവരെ മുന്നോട്ടു വന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ജിദ്ദയില്‍ 600ല്‍ അധികം മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഔട്ട്‌പാസ് അനുവദിച്ചു.

നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പ്രഖ്യാപിച്ച നാല് മാസത്തെ പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിന്‌ നിയമലംഘകര്‍ ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. നിയമലംഘകരായ 31,000 ഇന്ത്യക്കാര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഔട്ട്‌പാസ് വിതരണം ചെയ്തതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ പറഞ്ഞു. 6,800 ഇന്ത്യക്കാര്‍ക്കാണ് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലിക യാത്രാരേഖയായ ഔട്ട്‌പാസ് അനുവദിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. 3,370 പേര്‍. കേരളത്തില്‍ നിന്നുള്ള 634 പേര്‍ക്കും പശ്ചിമ ബങ്കാളില്‍ നിന്നുള്ള 617 പേര്‍ക്കും ജിദ്ദയില്‍ നിന്ന് ഔട്ട്‌പാസ് അനുവദിച്ചു. മുന്‍ കാലങ്ങളിലെ പോതുമാപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണ്. നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം സൗദിയില്‍ കുറവാണെന്ന് ഇത് സൂചിപ്പിക്കുന്നതായി നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ പറഞ്ഞു.

ഹജ്ജ്, ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞ നിരവധി ഇന്ത്യക്കാര്‍ കോണ്‍സുലേറ്റ് വഴിയല്ലാതെയും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഞായറാഴ്ചക്ക് ശേഷം നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന നിയമലംഘകര്‍ക്കെതിരെ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.