ജിദ്ദ: സൗദിയില്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്ന് റിപ്പോര്‍ട്ട്. സമയപരിധിക്കകം നാട്ടിലേക്ക് മടങ്ങാത്ത നിയമലംഘകര്‍ ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2013-ല്‍ ഔട്ട്‌പാസ് ലഭിച്ചിട്ടും നാട്ടിലേക്ക് പോകാത്ത പല ഇന്ത്യക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി.
പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി ഇതുവരെ മുന്നോട്ടു വന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്. ഇത് പ്രതീക്ഷിച്ചതിലും താഴെയാണ്. പൊതുമാപ്പിനു മൂന്നു മാസത്തെ സമയം ഉള്ളതിനാല്‍ നിയമലംഘകര്‍ അവസാന സമയം വരെ കാത്തിരിക്കുന്നതോ അല്ലെങ്കില്‍ നിയമലംഘകരുടെ എണ്ണം കുറഞ്ഞതോ ആണ് ഇതിനു കാരണം എന്നാണു വിലയിരുത്തല്‍.
പൊതുമാപ്പ് കാലാവധി നീട്ടി നല്‍കില്ലെന്നും ഇനിയൊരു പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമാപ്പിനു ശേഷം നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ഉണ്ടായിരിക്കും. പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കും. കൂടാതെ ചുരുങ്ങിയത് പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്ന നിയമലംഘകരില്‍ പലരും ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകുന്നില്ല എന്നാണു റിപ്പോര്‍ട്ട്. 2013-ലെ പൊതുമാപ്പ് സമയത്ത് നാട്ടിലേക്ക് മടങ്ങാനായി ഔട്ട്‌പാസ് ലഭിച്ച പലരും ഇപ്പോഴും സൗദിയില്‍ ഉണ്ട്. അന്ന് ലഭിച്ച ഔട്ട്‌പാസുമായി കഴിഞ്ഞ ദിവസം ചിലര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ ഔട്ട്‌പാസിനായി വന്നിരുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും നിയമലംഘകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.
റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുമാണ് ഔട്ട്‌പാസുകള്‍ ഇഷ്യൂ ചെയ്യുന്നത്. റിയാദില്‍ രജിസ്റ്റര്‍ ചെയ്ത നിയമലംഘകരുടെ എണ്ണം ജിദ്ദയേക്കാള്‍ ആറോ ഏഴോ ഇരട്ടിയാണ്. ജിദ്ദ ഭാഗത്ത് നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായിരിക്കാം ഇതിനു കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
ഹജ്ജ് ഉംറ വിസകളുടെ കാലാവധി കഴിഞ്ഞവരുടെ എണ്ണം വളരെ കുറവാണ്. സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍, ഹുറൂബ് കേസില്‍ പെട്ടവര്‍, സ്പോണ്‍സര്‍ മരണപ്പെട്ടവര്‍, ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവരാണ് നിലവിലുള്ള നിയമലംഘകരില്‍ കൂടുതലും.
