റിയാദ്: സൗദിയില്‍ ബസുകളുടെ ഗുണനിലവാരം കൂട്ടാന്‍ നടപടിയായി. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജിദ്ദ റിയാദ് നഗരങ്ങളില്‍ സാധാരണക്കാര്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്ന മിനി ബസുകളുടെ നവീകരണത്തിനു 17.3 കോടി റിയാലാണ് അനുവദിച്ചിരിക്കുന്നത്.

ഈ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന പഴയ ബസുകള്‍ മാറ്റി പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കാനാണ് നീക്കം. നഗര വികസന സമിതി വഴിയാണ് ഫണ്ട്‌ അനുവദിക്കുക. റിയാദ് നഗരത്തില്‍ വര്‍ഷത്തില്‍ 3.65 കോടി റിയാല്‍ വീതം രണ്ടു വര്‍ഷം ഫണ്ട്‌ ചെലവഴിക്കും. ജിദ്ദയില്‍ വര്‍ഷത്തില്‍ രണ്ട് കോടി വീതം അഞ്ച് വര്‍ഷം കൊണ്ടാണ് ഫണ്ട്‌ ചെലവഴിക്കുക. 

മൂന്ന് റിയാല്‍ ആയിരിക്കും യാത്രക്ക് ഒരാളില്‍ നിന്നും ഈടാക്കുക. എന്നാല്‍ എണ്ണ വിലക്കനുസരിച്ചും ദൂരത്തിനനുസരിച്ചും നിരക്കില്‍ മാറ്റം വരുത്താന്‍ പൊതു സുരക്ഷാ വിഭാഗത്തിന് അധികാരം ഉണ്ടായിരിക്കും. ബസുകളുടെ നിലവാരത്തകര്‍ച്ച നിരീക്ഷിക്കാന്‍ പരിശോധന തുടരുമെന്ന് പൊതു സുരക്ഷാ വിഭാഗം വക്താവ് അബ്ദുള്ള സെയില്‍ അല്‍ മുതഹിരി പറഞ്ഞു. 

ഹിജ്റ കലണ്ടര്‍ പ്രകാരം ജമാദുല്‍ ആഖറില്‍ അതായത് മൂന്നു മാസം കൊണ്ട് പുതിയ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പൊതു ഗതാഗതം സുഗമമാക്കുന്നതിനായി ഈ നഗരങ്ങളില്‍ മെട്രോ പദ്ധതിയും പരിഗണനയിലാണ്. മെട്രോ സര്‍വീസ് ഇല്ലാത്ത ഭാഗങ്ങളില്‍ ബസ് സര്‍വീസ് ഉറപ്പ് വരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.