റിയാദ്: സൗദിയിലെ റോഡുകളില്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നതിനെതിരെ ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഹൈവേകളില്‍ ഓടിക്കുന്ന മുച്ചക്ര വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഹൈവേകളില്‍ ഓട്ടോറിക്ഷകളോ മറ്റു മുച്ചക്ര വാഹനങ്ങളോ ഓടിച്ചാല്‍ വാഹനം പിടിച്ചെടുക്കുകയും കണ്ടു കെട്ടുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. 

റിസോര്‍ട്ടുകളിലും താമസ കെട്ടിടങ്ങളിലും മാത്രമേ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുള്ളൂ. വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഇതുസംബന്ധമായ മുന്നറിയിപ്പ് നല്‍കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. സമീപകാലത്ത് ജിദ്ദയില്‍ നിരവധി ഓട്ടോറിക്ഷകള്‍ ഇറക്കുമതി ചെയ്തിരുന്നു. 

പ്രധാന റോഡുകളിലൂടെ ഇവ ഓടിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയകളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഓട്ടോറിക്ഷകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഹജ്ജ്വേളയില്‍ മിനായിലും മറ്റും ഓട്ടോറിക്ഷകള്‍ ഉപയോഗിക്കാറുണ്ട്.