സൗദിയില്‍ അഴിമതിക്കേസുകളിൽ അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെ വിചാരണ തുടങ്ങി

റിയാദ്: അഴിമതിക്കേസില്‍ സൗദിയില്‍ അറസ്റ്റിലായ പ്രമുഖരുടെ വിചാരണ ആരംഭിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തവരാണ് വിചാരണ നേരിടുന്നത്. കഴിഞ്ഞ നവംബറിലാണ് സൗദിയില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും, വ്യവസായികളും ഉള്‍പ്പെടെ പ്രമുഖര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായത്. 

നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്ന് വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെ പല പ്രമുഖരെയും ഇതിനകം വിട്ടയച്ചു. ഇതിനു തയ്യാറാകാത്തവര്‍ക്കെതിരെയുള്ള വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സൌദ്‌ അല്‍ ഹമാദ് അറിയിച്ചിരിക്കുന്നത്.

 അഴിമതിപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കുറ്റം തെളിയിക്കപ്പെട്ടാല്‍ കോടതി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദ് അല്‍ ഹമാദ് പറഞ്ഞു. റിയാദിലെ റിറ്റ്സ് കാര്‍ട്ടന്‍ ഹോട്ടലില്‍ ആയിരുന്നു നേരത്തെ ഇവരെ താമസിപ്പിച്ചിരുന്നത്. 56 പേര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. 

അഴിമതി അന്വേഷിക്കാനായി പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന അഴിമതി വിരുദ്ധ സമിതി നവംബര്‍ ആദ്യത്തില്‍ രൂപീകരിച്ചിരുന്നു. ആരോപണ വിധേയരെ അറസ്റ്റ് ചെയ്യാനും, യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഈ സമിതിക്ക് സാധിക്കും.