ജിദ്ദ: ഖത്തര്‍ പൗരന്മാര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഖത്തര്‍ പൗരന്മാര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാനും ഹജ്ജും ഉംറയും നിര്‍വഹിക്കാനും ഒരു തടസ്സവും ഇല്ലെന്നു സൗദി ആവര്‍ത്തിച്ചു വ്യക്തമാക്കി. അല്ലാഹുവിന്റെ ഭാവനങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് ഖത്തര്‍ പൗരന്മാര്‍ക്ക് വിലക്കുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു.

ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നു അധികൃതര്‍ അറിയിച്ചു. അതേസമയം ഖത്തര്‍ വിഷയത്തില്‍ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ഖത്തര്‍ ജനത നമ്മുടെ സഹോദരന്മാരാണെന്നും ഖത്തറികളുടെ സ്ഥാനം സല്‍മാന്‍ രാജാവിന്‍റെ ഹൃദയത്തിലാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ക്ക് പരസ്‌പരം ബന്ധപ്പെടാതിരിക്കാന്‍ സാധിക്കില്ല. ഇത്തരം കുടുംബങ്ങളെ സഹായിക്കാന്‍ മന്ത്രാലയം പ്രത്യേക ഹോട്ട്‍ലൈന്‍ നമ്പര്‍ സ്ഥാപിച്ചു.

അതേസമയം, യൂസുഫുല്‍ ഖറദാവിയുടെ പുസ്തകങ്ങള്‍ സൗദിയില്‍ പഠിപ്പിക്കാനോ, വില്‍ക്കാനോ, ലൈബ്രറികളില്‍ വെക്കാനോ പാടില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.അഹമദ് ബിന്‍ മുഹമ്മദ്‌ അല്‍ ഇസ്സ നിര്‍ദേശിച്ചു. പുതിയ സാഹചര്യത്തില്‍ സൗദി പുറത്തു വിട്ട ഭീരവാദി ലിസ്റ്റില്‍ പെട്ട പ്രധാനിയാണ്‌ ഖത്തര്‍ അഭയം നല്‍കിയ ഈജിപ്ത് പൌരനായ മുസ്ലിം പണ്ഡിതന്‍ യൂസുഫില്‍ ഖറദാവി.

ജോലി ഉപേക്ഷിച്ച് ഖത്തറില്‍ നിന്നും മടങ്ങുന്ന ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരായ സൗദി പൌരന്മാര്‍ക്ക് ജോലി വാഗ്ദാനവുമായി സൗദിയിലെ വിമാനക്കമ്പനിയായ നാസ് എയര്‍ മുന്നോട്ടു വന്നു. ഖത്തറില്‍ നിന്നും മടങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും തുല്യമായ പദവിയില്‍ ജോലി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.