റിയാദ്: ഏറെ പ്രതീക്ഷയോടെ സൗദിജനത കാത്തിരിക്കുന്ന ഖിദ്ദിയ നഗര പദ്ധതിയുടെ ശിലാസ്ഥാപനം നാളെ നടക്കും. സാംസ്കാരിക കായിക മേഖലകളില്‍ നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

വിനോദ കായിക മേഖലകളില്‍ സൗദിയുടെ പുതിയ കാല്‍വെപ്പാണ് ഖിദ്ദിയ്യ പദ്ധതി. റിയാദില്‍ നിന്നും ഏതാണ്ട് നാല്പത് കിലോമീറ്റര്‍ അകലെ ഖിദ്ദിയ്യ മരുഭൂമിയിലാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ നഗരം പണിയുന്നത്. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നാളെ ഭരണാധികാരി സല്‍മാന്‍ രാജാവ് തുടക്കം കുറിക്കും. 

2022 ഓടെ ആദ്യഘട്ടം പൂര്‍ത്തിയാകും. കായിക മേഖലയിലും വിനോദ രംഗത്തും, സാംസ്കാരിക രംഗത്തും, വിദ്യാഭ്യാസ മേഖലയിലും നിരവധി പദ്ധതികള്‍ നഗരത്തില്‍ നിലവില്‍ വരും. വാട്ടര്‍ തീം പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, സാഹസിക പരിപാടികള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉണ്ടാകും. യൂണിവേഴ്സിറ്റി, കൊമേഴ്ഷ്യല്‍ കോംപ്ലക്സുകള്‍, താമസ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളം, തുടങ്ങിയവയും പുതിയ നഗരത്തില്‍ ഉണ്ടാകും.

 334 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി. നിരവധി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരിട്ടും അല്ലാതെയും പുതിയ പദ്ധതിയില്‍ ജോലി സാധ്യത  ഉണ്ടാകും. വര്‍ഷത്തില്‍ മൂന്നു കോടി സന്ദര്‍ശകര്‍ നഗരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷമാണ്‌ പദ്ധതി സംബന്ധിച്ചു കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപനം നടത്തിയത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഖിദ്ദിയ്യ. .