റിയാദ്: സൗദിയിൽ ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാണെന്ന് ജവാസാത്ത്. അന്യായമായി ഹുറൂബാക്കുന്ന സ്‌പോണ്‍സര്‍ക്കെതിരെ മതിയായ തെളിവുകളോടെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളെ സമീപിക്കാവുന്നതാണെന്നും ജവാസാത്ത് അറിയിച്ചു. ഹൗസ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാണെന്ന് സൗദി ജവാസാത് വ്യക്തമാക്കിയത്.

ഒരു തൊഴിലാളി ഒളിച്ചോടിയതായി ഒരു തവണ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ. ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളിയെ ഹുറുബ് ആക്കാൻ സാധ്യമാവില്ല. ഗാര്‍ഹിക തൊഴിലാളികളുടെ ഹുറുബ് റദ്ദ് ചെയ്യുന്നതിന് ഓണ്‍ ലൈന്‍ മുഖേന സാധ്യമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി. ഇവരുടെ ഹുറൂബ് നാടുകടത്തല്‍ കേന്ദ്രങ്ങളിൽ നിന്നുമാത്രമാണ് റദ്ദ് ചെയ്യാന്‍ കഴിയുക. ഇത് ഹുറൂബാക്കി പതിനഞ്ച് ദിവസത്തിനകം ചെയ്യുകയും വേണം.

ഹുറുബാക്കി പതിനഞ്ച് ദിവസം പിന്നിട്ടാല്‍ പിന്നീട് ഇത് റദ്ദു ചെയ്യാന്‍ സാധ്യമല്ല. 15 ദിവസം പിന്നിട്ടാല്‍ തൊഴിലാളിക്കെതിരെ പതിനായിരം റിയാല്‍ പിഴ ഈടാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്യും. ഇവരെ ഒളിച്ചോട്ട വിഭാഗത്തിൽ ഉള്‍പ്പെടുത്തി സൗദിയിലേക്ക് തിരിച്ചു വരുന്നതിനു നിരോധനം ഏർപ്പെടുത്തുമെന്നും ജവാസാത് അറിയിച്ചു.