റിയാദ്: സ്വദേശികള്‍ക്ക് സൗദിയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പത്ത് ലക്ഷം റിയാല്‍ വരെ ലോണ്‍ അനുവദിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതിയ മേഖലകള്‍ സൗദിവല്‍ക്കരിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനപ്പെട്ട പന്ത്രണ്ട് മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
ഈ മേഖലകളില്‍ ഇപ്പോള്‍ ജോലി ചെയ്യുകയും സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന വിദേശികളുടെ സ്ഥാനത്തേക്ക് സ്വദേശികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. തംകീന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ സഹമന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. ഇതുപ്രകാരം സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനു പുറമേ, സ്വന്തമായി സ്ഥാപനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും. പത്ത് ലക്ഷം റിയാല്‍ വരെയാണ് ലോണ്‍ അനുവദിക്കുക. പുതിയ മേഖലകള്‍ സ്വദേശീവല്‍ക്കരിക്കുമ്പോള്‍ നിലവിലുള്ള പല സ്ഥാപനങ്ങളും ഇല്ലാതായെക്കാം.
എന്നാല്‍ ഇതുവഴി സ്വദേശികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ പതിനൊന്ന് മുതലാണ് പന്ത്രണ്ട് മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം ആരംഭിക്കുന്നത്. വാച്ചുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വാഹനങ്ങള്‍, വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍, കണ്ണടകള്‍, മിഠായികള്‍,ഗൃഹോപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലാണ്` പുതുതായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്.
