സിഗരറ്റിനു 100 ശതമാനവും ,കോളക്ക് 50 ശതമാനവുമാണ് സൗദിയില്‍ നികുതി

സൗദി അറേബ്യ: നികുതി നല്‍കാതെ സിഗരറ്റും കൊക്കോകോളയും അനധികൃതമായി സൗദിയിലേക്ക് കടത്തുന്നവര്‍ക്ക് വലിയ തുക പിഴ ചുമത്തുമെന്ന് സൗദി സകാത് ആന്‍റ് ടാക്‌സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. കച്ചവടം ലക്ഷ്യമാക്കി ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് അനധികൃതമായി കടത്തുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. നികുതി നല്‍കാതെ അയല്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി സിഗരറ്റും കൊക്കോ കോളയും കടത്തിയ നിരവധി പേരെ പിടികൂടിയാതായി സൗദി കസ്റ്റംസ് വ്യക്തമാക്കി. 

സിഗരറ്റിനു 100 ശതമാനവും ,കോളക്ക് 50 ശതമാനവുമാണ് സൗദിയില്‍ നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. 20 ലിറ്ററില്‍ താഴെയുള്ള കോളക്കും പത്ത് ലിറ്ററില്‍ താഴെ എനർജി ഡ്രിംഗ്‌സും 200 എണ്ണത്തില്‍ താഴെയുള്ള സിഗരറ്റിനും 500 ഗ്രാമില്‍ താഴെയുള്ള മറ്റു സിഗരറ്റ് ഉത്പന്നങ്ങള്‍ക്കും രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിൽ നികുതി ചുമത്തില്ലന്ന് കസ്റ്റംസ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 

അതേ സമയം രാജ്യത്ത് വിവിധ വസ്തുക്കൾക്ക് മൂല്യ വര്‍ധിത നികുതി ഏർപ്പെടുത്തി നൂറു ദിവസം പിന്നിടുമ്പോൾ നിയമ ലംഘനം കണ്ടെത്താന്‍വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളില്‍ 4794 നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സകാത് ആന്റ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ഇതിൽ 21 ശതമാനം നികുതി വെട്ടിപ്പ് കണ്ടെത്തിയത് മക്കപ്രവിശ്യയിലാണ്. 18 ശതമാനം റിയാദിലും 11 ശതമാനം അല്‍ഖസീമിലുമാണ് കണ്ടെത്തിയത്.