റിയാദ്: സൗദിയിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം ജ്വല്ലറികളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതായുംതൊഴില്‍ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സൗദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. അന്ന് മുതല്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു. ഇതുവരെ 10256 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. 

94.5 ശതമാനം സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 434 നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. അറുപത്തിയൊന്ന് ശതമാനം നിയമലംഘനങ്ങളും വിദേശികളെ ജോലി വെച്ചതാണ്. സ്വദേശീവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 19911 എന്ന നമ്പരില്‍ വിളിച്ചോ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പളിക്കേഷന്‍ വഴിയോ അറിയിക്കണമെന്ന് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് വിഭാഗം, നഗര ഗ്രാമകാര്യ വകുപ്പ്, വാണിജ്യ നിക്ഷേപ വകുപ്പ്, പൊതു സുരക്ഷാവിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. ഷോപ്പിംഗ് മാളുകളിലും, മറ്റു വാണിജ്യ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തുന്നുണ്ട്. ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഒരു വിദേശിക്ക് ഇരുപതിനായിരം റിയാല്‍ എന്ന തോതില്‍ സ്ഥാപനത്തിന് പിഴ ചുമത്തും.