റിയാദ്: വലീദ് ബിന്‍ തലാലിനു പുറമേ സൗദിയില്‍ അഴിമതിക്കേസില്‍ തടവിലായിരുന്ന എം.ബി.സി ചെയര്‍മാന്‍ വലീദ് അല്‍ ഇബ്രാഹീമും മോചിതനായി. മതിയായ നഷ്ടപരിഹാരം നല്‍കിയാണ്‌ ഇരുവരും മോചിതരായതെന്നാണ് റിപ്പോര്‍ട്ട്‌. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടു മാസത്തെ തടവിനു ശേഷം സൗദി കോടീശ്വരനും രാജകുടുംബാംഗവുമായ വലീദ് ബിന്‍ തലാല്‍ ഇന്നലെയാണ് മോചിതനായത്. തടവില്‍ കഴിഞ്ഞിരുന്ന റിയാദിലെ റിറ്റ്സ് കാര്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിനു ശേഷമായിരുന്നു മോചനം. തടവിലാണെങ്കിലും ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും, താന്‍ നിരപരാധിയാണെന്നും, തന്‍റെ സ്ഥാപനങ്ങളുടെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കാനാകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

നഷ്ടപരിഹാരം നല്‍കിയാണ്‌ വലീദ് ബിന്‍ തലാല്‍ മോചിതനായതെന്നു ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട് ചില സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എം.ബി.സി ചെയര്‍മാന്‍ വലീദ് അല്‍ ഇബ്രാഹിമിനെയും മോചിപ്പിച്ചതായി എം.ബി.സി റിപ്പോര്‍ട്ട്‌ ചെയ്തു. അഴിമതിക്കേസില്‍ നവംബര്‍ ആദ്യത്തിലാണ് ഏതാനും രാജകുടുംബാംഗങ്ങളും വ്യവസായികളും അറസ്റ്റിലായത്. 

നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്ന് ചിലരെ ഇതിനു മുമ്പ് വിട്ടയച്ചിരുന്നു. അതേസമയം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രിമിനല്‍ കോടതിക്ക് കീഴില്‍ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യാനായി ജിദ്ദയിലും റിയാദിലും പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.