റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികളുടെ മേൽ അധികഫീസ് ചുമത്താനുള്ള നടപടി വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ. വിദേശികളുടെ മേല്‍ മാസം തോറും ഫീസ് ചുമത്തുന്നതിലൂടെ 2020 ആകുമ്പോഴേക്കും രാജ്യത്തു 65 ബില്യൺ റിയാലിന്‍റെ അധിക വരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയില്‍ വിദേശ തൊഴിലാളികളുടെ മേൽ അധിക ഫീസ് ചുമത്താനുള്ള തീരുമാനം തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമാവുമെന്നു റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സാമ്പത്തിക സമിതി അംഗം അബ്ദുല്ലാ അല്‍മല്‍ഗൂസ് വ്യക്തമാക്കി.

ഇതുമൂലം കെട്ടിട നിര്‍മാണം മറ്റു കരാറുകള്‍ ജോലികൾ എന്നിവയുടെ സേവന നിരക്കുഉയരും.കൂടാതെ മറ്റു ഉപഭോഗവസ്തുക്കളുടെ വിലയിലും വർദ്ധനവുണ്ടാകും.വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ മേല്‍ ഫീസ് ചുമത്താനുള്ള തീരുമാനം നിരവധി കുടുംബങ്ങള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുന്നതിനു ഇടയാക്കും.

ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെയും ബാധിക്കും.ഫ്ലാറ്റുകളും അപാര്‍ട്ട്‌മെന്റുകളുമെല്ലാം ഒഴിയുന്നതോടെ ഈ മേഖലയില്‍ നിക്ഷേപത്തിനും സാധ്യത കുറയും.വിദേശികളുടെ കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുന്നത് രാജ്യത്തെ വാണിജ്യ മേഖലയെയും ബാധിക്കും.ഇത് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനു ഇടയാക്കും.

വിദേശികളുടെയും അവരുടെ കുടുംബങ്ങളുടേയും മേല്‍ അധിക ഫീസ് ചുമത്തുന്നതിനു പകരം അവര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നതിനു അവസരം നൽകുന്നതു പോലെയുള്ള ഇതര മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടതെന്ന് അബ്ദുല്ലാ അല്‍മല്‍ഗൂസ് പറഞ്ഞു.