റിയാദ്: സൗദി അറേബ്യയിലെ പൊതുവിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക് ഇനി ഓടാം, ചാടാം... സൗദിയിലെ പൊതുവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് കായിക വിദ്യാഭ്യാസം ലഭ്യമാക്കാൻ സൗദി ഭരണകൂടം അനുമതി നൽകി. വർഷങ്ങളായി രാജ്യത്തെ പെൺകുട്ടികൾ ഉന്നയിച്ചു വരുന്ന ആവശ്യമാണിത്. ഇസ്ലാമിക് ശരിഅത്തിനു അനുസൃതമായിട്ടായിരിക്കും കായിക പഠനം സ്കൂളുകളിൽ ആരംഭിക്കുകയെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.
എന്നാൽ പെൺകുട്ടിയുടെ രക്ഷിതാവിൽ (പിതാവ്) നിന്നുമുളള അനുമതി ലഭിച്ചാൽ മാത്രമേ കായിക പഠനം അനുവദിക്കു. പാഠ്യേതര പ്രവർത്തനം നിർബന്ധം ആണോ എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. കായിക പരിശീലനത്തിൽ സ്ത്രീകൾക്ക് ഭ്രഷ്ട് കല്പിച്ചിരുന്ന രാജ്യത്തെ പുതിയ തീരുമാനം ശ്രദ്ധേയമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. നാല് വർഷമായി രാജ്യത്തെ പ്രൈവറ്റ് സ്കൂളുകളിൽ പെണ്‍കുട്ടികള്‍ക്ക് കായിക പഠനം നിലവിലുണ്ട്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ ആണ് ആദ്യമായി സൗദി വനിത ടീം പങ്കെടുക്കുന്നത്.
സൗദി സ്ത്രീകൾക്ക് അവസരം വർധിക്കുമ്പോഴും പൊതു ഇടങ്ങളിലെ കർശന നിയന്ത്രണം നിലനിൽക്കുന്നുണ്ട്. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിൽ വിലക്കും പാസ്പോർട്ട് എടുക്കുന്നതിനും വിദേശ യാത്ര നടത്തുന്നതിനും ഇന്നും പിതാവിന്‍റെ അനുമതി വേണം. സ്ത്രീ പ്രവർത്തകർ വർഷങ്ങൾ നീണ്ട ആവശ്യത്തിലൂടെയാണ് കായിക വിദ്യാഭ്യാസ അവസരം നേടിയെടുത്തിരിക്കുന്നത്.
