റിയാദ്: സൗദിയില്‍ വിദേശ തൊഴില്‍ വിസയ്ക്കുള്ള അറുപത്തിമൂന്നു ശതമാനം അപേക്ഷകളും കഴിഞ്ഞ വര്‍ഷം തള്ളി. നിതാഖാത് പദ്ധതി കൂടുതല്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളുമായി പുതിയ തൊഴില്‍കരാര്‍ ഒപ്പു വെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി.

2016-ല്‍ 849,228 വിദേശ തൊഴില്‍ വിസാ അപേക്ഷകളാണ് സൗദി തൊഴില്‍ മന്ത്രാലയത്തിനു ലഭിച്ചത്. ഇതില്‍ 533,016അപേക്ഷകളും തള്ളിയതായി മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 62.77 ശതമാനം അപേക്ഷകളും തള്ളി. 316,212 തൊഴില്‍ വിസകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. 

സ്വദേശീവല്‍ക്കരണം ശക്തമായ സാഹചര്യത്തിലാണ് വിദേശ തൊഴില്‍ വിസകളുടെ പല അപേക്ഷകളും തള്ളുന്നത്. അതേസമയം തൊഴില്‍ വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പ് വെച്ചതായി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. തുര്‍ക്കി, മെക്‌സിക്കോ, ഈജിപ്ത്, മൊറോക്കോ, കമ്പോഡിയ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. 

സെപ്റ്റംബര്‍ മൂന്നിന് പരിഷ്‌കരിച്ച നിതാഖാത് പ്രാബല്യത്തില്‍ വരുന്നതോടെ വിപണിക്ക് കൂടുതല്‍ ഉണര്‍വ്വും സ്വദേശികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ഉണ്ടാകുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. അറുപത്തിയോമ്പത് പ്രധാന മേഖലകളില്‍ കൂടുതല്‍ സൌദികളെ ജോലിക്ക് വെക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിതാഖാത്.