ഹൈഡ്രോളിക് സംവിധാനം തകരാറിലായതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണം വിമാനത്തിന്‍റെ മുന്നിലെ ചക്രം പ്രവര്‍ത്തനരഹിതമായി

ജിദ്ദ: ജിദ്ദയില്‍ സൗദി എയര്‍ലൈന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറില്‍ ആയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് മദീനയില്‍ നിന്നും ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 3818 വിമാനം ജിദ്ദാ വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണം. ഇതോടെ വിമാനത്തിന്‍റെ മുന്നിലെ ചക്രം പ്രവര്‍ത്തനരഹിതമായി. സുരക്ഷിതമായ ലാന്‍റിങ്ങിനു പല തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു. രാത്രി ഒമ്പത് അമ്പതിന് മുന്‍ ചക്രമില്ലാതെ വിമാനം ലാന്‍റ് ചെയ്തു. ഇതോടെ വിമാനത്തിന്‍റെ മുന്‍ഭാഗത്ത് തീ പിടിച്ചു. യാത്രക്കാരെ അടിയന്തിരമായി എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തിറക്കിയതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

അമ്പത്തിരണ്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. 141 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ലീസിന് എടുത്ത എയര്‍ബസ് 330- 200വിമാനമാണ് അപകടത്തില്‍ പെട്ടത്.