റൊട്ടിയുടെ തൂക്കത്തില്‍ കുറവ് വരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയവും കൃഷി മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ബേക്കറികളില്‍ പരിശോധന ശക്തമാക്കി. 39 നഗരങ്ങളില്‍ നടത്തിയ പരിശോധനയില്‍ 123 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച ക്യാമ്പയിനില്‍ 668 ബേക്കറികളിലാണ് പരിശോധന നടത്തിയത്. തൂക്കം കുറച്ച് റൊട്ടി വിറ്റ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ പിടിയിലായത്. 

ഒരു റിയാലിന് വില്‍ക്കുന്ന റൊട്ടിയുടെ തൂക്കം ഏറ്റവും ചുരുങ്ങിയത് 550 ഗ്രാം വേണമെന്നാണ് നിര്‍ദേശം. റൊട്ടിയുടെ വിലയിലോ, ഗുണനിലവാരത്തിലോ, തൂക്കത്തിലോ കുറവ് വരുത്തുന്നവര്‍ക്ക് 3000 റിയാല്‍വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. റൊട്ടിയുടെ തൂക്കത്തിലോ ഗുണനിലവാരത്തിലോ കുറവ് കണ്ടെത്തിയാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 1900 എന്ന നമ്പരില്‍ വിളിച്ചോ ഓണ്‍ലൈന്‍ വഴിയോ പരാതിപ്പെടാം. റൊട്ടിക്ക് സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കുമെന്ന് പ്രചരിപ്പിച്ചാണ് പല സ്ഥാപനങ്ങളും റൊട്ടിയുടെ എണ്ണമോ തൂക്കമോ കുറച്ചത്. എന്നാല്‍ റൊട്ടി, മൈദ എന്നിവയുടെ സബ്സിഡി നിര്‍ത്തലാക്കില്ലെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.