സൗദി അറേബ്യയിലെ മാത്രമല്ല ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയാണ് ബിന്‍ ലാദിന്‍ കമ്പനി. വിവിധ പദ്ധതികള്‍ മുടങ്ങിയതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കമ്പനി അമ്പതിനായിരം പേരെ പിരിച്ചു വിട്ടത്. വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസയും നല്‍കി.
എന്നാല്‍ തങ്ങളുടെ ശമ്പളകുടിശ്ശിക കിട്ടാതെ രാജ്യം വിടില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നാലുമാസത്തെ ശമ്പളവും ആനുകൂല്യവുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുള്ളത്. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനുമുന്നിലടക്കം രാജ്യത്തെ വിവിധ മേഖലകലിലുള്ള ഓഫീസുകളുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
രണ്ടാഴ്ചക്കുള്ളില്‍ ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കാമെന്ന് കമ്പനി അധികൃതര്‍ വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാന്‍ ഏകദേശം പത്ത് മില്യണ്‍ സൗദി റിയാല്‍ വേണ്ടിവരുമെന്ന് കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.
