ജിദ്ദ: സൗദി പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സൗദി ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യും. സൗദികള്‍ക്ക് വിദേശികളില്‍ ജനിച്ച കുട്ടികള്‍ക്ക് പൗരത്വം നല്‍കണം എന്നതാണ് പ്രധാനപ്പെട്ട നിര്‍ദേശം. നിലവിലുള്ള പൗരത്വ നിയമത്തില്‍ ഭേതഗതി വേണം എന്നാവശ്യപ്പെട്ടു രണ്ട് നിര്‍ദേശങ്ങള്‍ ആണ് സൗദി ശൂറാ കൌണ്‍സിലിന് മുന്നിലുള്ളത്. 

വിദേശികളുമായുള്ള വിവാഹ ബന്ധത്തിലൂടെ സൗദികള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് സൗദി പൗരത്വം നല്‍കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ചൊവ്വാഴ്ച നടക്കുന്ന കൌണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്‌. അറുപത് വര്‍ഷം മുമ്പുള്ള പൗരത്വ നിയമമാണ് സൗദിയില്‍ നിലവിലുള്ളത്. 

ഇതില്‍ കാര്യമായ മാറ്റങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഭേതഗതി ആവശ്യപ്പെട്ട് നിര്‍ദേശം മുന്നോട്ടു വെച്ചവരില്‍ പ്രധാനിയായ വനിതാ അംഗം ഡോ.ലത്തീഫാ ശഅലാന്‍ ചൂണ്ടിക്കാട്ടി. അതാ അല്‍ ശിബിതി, ഹയ അല്‍ മാനിയ എന്നിവരോടൊപ്പം ആണ് ലതീഫാ ശഅലാന്‍ ഈ നിര്‍ദേശം സമര്‍പ്പിച്ചത്. 2016 ഒക്ടോബറില്‍ സമര്‍പ്പിച്ച നിര്‍ദേശം വിശദമായ പഠനത്തിനു ശേഷം ഇപ്പോഴാണ് ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്.