കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ പിന്തുടരാനോ അറസ്റ്റ് ചെയ്യാനോ മുത്തവ്വ എന്നറിയപ്പെടുന്ന മതകാര്യ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടായിരിക്കില്ല. ഇത് സംബന്ധമായ നിയമ ഭേതഗതി കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി മന്ത്രിസഭ പാസാക്കി. മതകാര്യ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പലപ്പോഴും വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ ഇടപെടല്‍. കുറ്റക്കാരെന്ന് കരുതുന്നവരെ, ചോദ്യം ചെയ്യുക, ഐ.ഡി കാര്‍ഡുകള്‍ ആവശ്യപ്പെടുക, തടവില്‍ വെക്കുക തുടങ്ങിയവ മതകാര്യ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. പകരം പോലീസിന്റെയോ പ്രത്യേക സുരക്ഷാ സ്‌കോടിന്റെയോ സഹായം തേടേണ്ടതാണ്. റൈഡിനിടെ നിയമലംഘനം കണ്ടെത്തുന്ന മതകാര്യ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കണം. കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും തടവില്‍ വെക്കാനുമുള്ള അധികാരം പോലീസിനാണ്. നന്മ ഉപദേശിക്കാനും തിന്മയില്‍ നിന്ന് പൊതുജനങ്ങളെ തടയാനുമുള്ള സംവിധാനമാണ് മതകാര്യവകുപ്പ്. ഇത് തുടരണമെന്നും മാന്യമായ രീതിയില്‍ ജനങ്ങളെ സമീപിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. മതവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ തടയുകയാണ് മതകാര്യ വിഭാഗത്തിന്റെ പ്രധാന ചുമതല. പരിശോധനാ സമയത്ത് ഉദ്യോഗസ്ഥര്‍ ഐ.ഡി കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരെ മതകാര്യ പോലീസില്‍ അംഗമാക്കരുതെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.