റിയാദ്: പരിശീലന കാലം വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ ഇനിമുതല്‍ തിരിച്ചയക്കും. മറ്റു തൊഴിലാളികളെ പോലെ ഗാർഹിക തൊഴിലാളികളും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രൊബേഷൻ കാലാവധി വിജയകരമായി പൂർത്തിയാക്കാത്ത ഗാർഹിക തൊഴിലാളികളെ സ്വദേശങ്ങളിലേക്കു തിരിച്ചയക്കുന്നത് നിർബന്ധമാക്കുന്നു.
ജോലിചെയ്യുന്നതിന് വിസമ്മതിക്കുന്നവരെയും ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലാത്തവരെയും റിക്രൂട്ട് കമ്പനികൾ സ്വന്തം ചിലവിൽ സ്വദേശങ്ങളിലേക്കുതിരിച്ചയക്കണമെന്നാണ് വ്യവസ്ഥ.
പകരം അതേ വേതനത്തിൽ വേറെ തൊഴിലാളികളെ സ്വന്തം ചിലവിൽ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾ തൊഴിലുടമകൾക്ക് എത്തിക്കുകയും വേണം.
മാത്രമല്ല ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് കരാറിൽ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകംതന്നെ ബദൽ തൊഴിലാളികളെ എത്തിക്കണം.
മറ്റു തൊഴിലാളികളെപോലെ ഗാർഹിക തൊഴിലാളികൾക്കും വേതന സുരക്ഷാ പദ്ദതി നടപ്പിലാക്കുന്നതിന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനായി ഗാർഹിക തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതിനുള്ള പ്രീ പെയ്‌ഡ് കാർഡുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും മന്ത്രാലയം തുടക്കം കുറിച്ചു. പ്രീ പെയ്‌ഡ് കാർഡുകൾ വഴി ശമ്പളം ഗാർഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്ന പദ്ധതിയാണിത്.
