റിയാദ്: സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് നേത്ര പരിശോധന നിര്‍ബന്ധമാക്കി. ഒപ്പം ഒരാഴ്ചത്തെ പരിശീലനവും കര്‍ശ്ശനമാക്കി. കണ്ണ് പരിശോധനയുടെ ഫലത്തിനനുസരിച്ച് മാത്രമെ ഇനി മുതല്‍ രാജ്യത്ത് വാഹന ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുകയുള്ളുവെന്ന് സൗദി ട്രാഫിക് വിഭാഗം വക്താവ് അറിയിച്ചു.

വാഹനങ്ങളുടെ ഇസ്തിമാറ അഥവാ രജിസ്‌റ്റ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി പോസ്റ്റിന്‍റെ വാസില്‍ സര്‍വ്വീസ് മുഖേന ഉടമകള്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. എന്നാല്‍ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ളതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇത് വരെ വാസില്‍ സംവിധാനം മുഖേന ഉടമകള്‍ക്ക് നേരിട്ടെത്തിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.

ലൈസന്‍സ് ലഭിക്കുന്നതിന് ഇത് വരെ ഇഖാമ നമ്പറില്‍ ബാങ്കില്‍ പണമടച്ച് ഏറ്റവും അടുത്ത ട്രാഫിക് ഓഫിസില്‍ നിന്നും ലൈസന്‍സ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ കണ്ണ് പരിശോധനയും മറ്റ് മെഡിക്കല്‍ പരിശോധനയും നടത്തിയ ശേഷം ഒരാഴ്ച്ച ഡ്രൈവിംഗ് കേന്ദ്രത്തില്‍ പരിശീലനം നടത്തണമെന്നും ഒപ്പം ട്രാഫിക് സിഗ്‌നല്‍ , ഫീല്‍ഡ് ടെസ്റ്റിലും വിജയിക്കണമെന്ന നിബന്ധനയുണ്ടെന്നും ട്രാഫിക് വിഭാഗം വക്താവ്‌ വ്യക്തമാക്കി.