സൗദിയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലറേ പേരെ അധികൃതർ പിടികൂടി. ഇരുപതിനായിരത്തിലേറെ പേരെ തിരിച്ചയച്ചു.
നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ പതിനഞ്ചാം തിയ്യതിയാണ് രാജ്യത്തുടനീളം നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ1,32,647 നിയമലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 1385 പേര്‍ സ്ത്രീകളാണ്. 75,918 താമസ നിയമലംഘകരും 34,847 തൊഴില്‍ നിയമലംഘകരും 21,882 നുഴഞ്ഞു കയറ്റക്കാരും പിടിയിലായി.
നുഴഞ്ഞു കയറ്റത്തിനിടെ 1658 പേര്‍ പിടിയിലായി. ഇതില്‍ 79% യമനികളും 20% എത്യോപ്യക്കാരുമാണ്. ഇവരില്‍ 876 പേരെ നാടു കടത്തി. നിയമലംഘനം നടത്തിയ 21,837 വിദേശികളെ ഇതുവരെ നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 14354 പേര്‍ പിടിയിലായ ഉടന്‍ തന്നെ ശിക്ഷിക്കപ്പെട്ടു. യാത്രാ രേഖകള്‍ ശരിയാക്കാന്‍ 15,810 പേരുടെ കേസുകള്‍ ബന്ധപ്പെട്ട എമ്ബസികള്‍ക്ക് കൈമാറി. യാത്രാ രേഖകള്‍ ശരിയായ 16,667 നിയമലംഘകര്‍ നാട്ടിലേക്ക് മടങ്ങുന്നതും കാത്ത് ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു.
