സര്‍ക്കാരില്‍ നിന്നും ഭീമമായ തുക ലഭിക്കാനുള്ളതിനാല്‍ സൗദിയിലെ വന്‍കിട കരാര്‍ കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്, സൗദി ഓജര്‍ കമ്പനി തുടങ്ങി തൊഴില്‍പ്രശ്നം നേരിടുന്ന സ്ഥാപനങ്ങള്‍ ഇതില്‍പെടും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക അടുത്ത മാസം അവസാനിക്കുന്നതിനു മുമ്പ് തന്നെ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

രണ്ടാം കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദി കൌണ്‍സില്‍ ഓഫ് എകണോമിക് ആന്‍ഡ് ഡവലപ്മെന്‍റ് അഫൈര്‍സിന്‍റെ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം ഉണ്ടായത്. ഇതുസംബന്ധമായ പാക്കേജ് അടുത്ത ദിവസം ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കും. 

നിര്‍മാണം ആരംഭിച്ച പല പദ്ധതികളെ കുറിച്ചും പുനരാലോചന നടത്തുക, പദ്ധതികളുടെ മുന്‍ഗണന ക്രമം
പുനപരിശോധിക്കുക, ഏതാണ്ട് ഒരു ട്രില്ല്യന്‍ റിയാലിന്‍റെ വന്‍കിട പദ്ധതികളുടെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തി വെക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാക്കേജില്‍ ഉണ്ടാകും. 

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന്‍ പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. അടുത്ത മാസത്തോടെ കുടിശിക കൊടുത്തു തീര്‍ക്കാനുള്ള സൗദി സര്‍ക്കാറിന്‍റെ തീരുമാനം സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമാകും. അതേസമയം ശമ്പളം ലഭിക്കാത്തതിനാല്‍ ജോലി നിര്‍ത്തി വെച്ചിരുന്ന മക്ക ഹറം പള്ളിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടാഴ്ചക്കകം ശമ്പളകുടിശിക നല്‍കുമെന്ന് സൗദി ബിന്‍ലാദിന്‍ കമ്പനി അറിയിച്ചു. 

ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം റദ്ദാക്കും. സമരങ്ങളും പ്രതിഷേധ പരിപാടികളും നിയമവിരുദ്ധമാണെന്നും
കമ്പനിയുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയാല്‍ അപ്പോള്‍ സംഭവസ്ഥലത്തുള്ള എല്ലാ തൊഴിലാളികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി സര്‍ക്കുലറില്‍ പറയുന്നു.