രണ്ടോ അതിലധികമോ തവണ ഹജ്ജോ ഉമ്രയോ നിര്‍വഹിക്കുന്നവരില്‍ നിന്നാണ് ഫീസ്‌ ഈടാക്കുന്നത്. ഈ ഫീസ്‌ പിന്‍വലിച്ചതായി സോഷ്യല്‍ മീഡിയകളിലും ചില വിദേശ രാജ്യങ്ങളിലും നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

ആദ്യമായി ഹജ്ജിനോ ഉംറയോ വരുന്നവരുടെ ഫീസ്‌ സൗദി ഗവണ്‍മെന്‍റ് വഹിക്കും. തുടര്‍ന്നുള്ള എല്ലാ തീര്‍ഥാടനങ്ങള്‍ക്കും ഫീസ്‌ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിലാണ് പ്രധാനമായും ഫീസ്‌ പിന്‍വലിച്ചതായ പ്രചാരണം നടക്കുന്നത്. 

ഫീസ്‌ ഈടാക്കി തുടങ്ങിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വര്ഷം വരെ അറുപതിനായിരം രൂപയില്‍ താഴെ മാത്രം ഈടാക്കിയിരുന്ന സ്ഥാനത്ത് കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത് ഒരു ലക്ഷത്തോളം രൂപയാണ്. 

കുടുംബസമേതം ഉംറ നിര്‍വഹിക്കാന്‍ തയ്യാറെടുത്തിരുന്ന പലരും യാത്ര റദ്ദാക്കി. ഹജ്ജ് ഉംറ തീര്‍ഥാടനങ്ങള്‍ക്ക് പുറമേ സന്ദര്‍ശക വിസയിലും ബിസിനസ് വിസയിലും സൗദിയില്‍ എത്തുന്നവരില്‍ നിന്നും രണ്ടായിരം റിയാല്‍ ഫീസ്‌ ഈടാക്കും.