സൗദിയിൽ ആരോഗ്യ മേഖലയില്‍ വ്യാജ സർട്ഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. വ്യാജന്മാർക്കെതിരെ കൈക്കൊണ്ട ശക്തമായ നടപടികൾ ഫലം കണ്ടെന്ന് സൗദി കമ്മീഷൻ ഫോര്‍ ഹെൽത്ത് സ്പെഷ്യാലിറ്റീസ് അറിയിച്ചു.
ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റു ഉപയോഗിച്ച് ജോലിചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി സൗദി കമ്മീഷൻ ഫോര്‍ ഹെൽത്ത് സ്പെഷ്യലിറ്റീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്.
70,000 പേരാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യ മേഖലയില്‍ ലൈസന്‍സിനായി അപേക്ഷിച്ചതെന്നു കമ്മീഷൻ സെക്രട്ടറി ജനറൽ ഡോ. അയ്മൻ അസദ് അബ്ദ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റു ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നു. നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവരില്‍ ഇന്ത്യാക്കാരുള്‍പ്പടെ നിരവധി വിദേശികളുണ്ടായിരുന്നു.
ആരോഗ്യ മേഖലയില്‍ കണ്ടെത്തുന്ന വ്യജന്മാരെ നിയമ നടപടികള്‍ക്കായി നേരിട്ട് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രോസിക്യഷനു കൈമാറുമെന്ന് മന്ത്രാലയം അറിയിച്ചു.
നേരത്തെ വ്യാജന്മാരെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ലീഗല്‍ സമിതിക്കു മുൻപാകെ ഹാജരാക്കുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവര്‍ പിടിക്കപെട്ടാല്‍ തടവും പിന്നീട് നാടുകടത്തുകയുമാണ് ശിക്ഷ.
