ഇതിന് മുന്നോടിയായി വിശദമായ പഠനം തുടങ്ങി

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ആരോഗ്യമേഖലയിലും നടപ്പിലാക്കാന്‍ ആലോചന. ഇതിന് മുന്നോടിയായി വിശദമായ പഠനം തുടങ്ങി. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹെല്‍ത്ത് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചിരുന്നു.

കോഴ്‌സുകളുടെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചും ഫാര്‍മസി, നേഴ്‌സിംഗ്, അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ ചേരുന്നതിന് സൗദി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ച. ഇതിലൂടെ ധാരാളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആരോഗ്യമേഖലക്ക് സാധിക്കും. ആരോഗ്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ.അയ്മന്‍ അബ്‌ദു പറഞ്ഞു. ആരോഗ്യ മേഖലക്ക് ആവശ്യമായ മെഡിക്കല്‍ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുമെന്നും ഡോ.അയ്മന്‍ അബ്‌ദു പറഞ്ഞു.