റിയാദ്: സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഗോ പ്രതിസന്ധി രൂക്ഷം. പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോയുടെ നിരക്ക് കാര്‍ഗോ സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ചു. ബിസിനസ് കുത്തനെ ഇടിഞ്ഞു. ജി.എസ്.ടിക്ക് പിന്നാലെ ഉടലെടുത്ത കാര്‍ഗോ പ്രതിസന്ധി മൂലം സൗദിയില്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ ബിസിനസ് തൊണ്ണൂറു ശതമാനത്തോളം ഇടിഞ്ഞതായി കാര്‍ഗോ കമ്പനികള്‍ പറഞ്ഞു.
ഇരുപതിനായിരം രൂപ വരെയുള്ള വസ്തുക്കള്‍ ഡ്യൂട്ടി ഇല്ലാതെ ഇന്ത്യയിലേക്കയക്കാനുണ്ടായിരുന്ന അവസരം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ സാധനങ്ങള്‍ അയക്കാന്‍ 41% നികുതി അടയ്ക്കണം. അതുകൊണ്ട് ഡോര്‍ ടു ഡോര്‍ കാര്‍ഗോ നിരക്ക് കൊലോയ്ക്ക് പന്ത്രണ്ട് റിയാല്‍ ആയിരുന്നത് പതിനാറ് റിയാല്‍ ഈടാക്കാനാണ് ജിദ്ദയിലെ കാര്‍ഗോ അസോസിയേഷന്‍റെ തീരുമാനം.
പാര്‍സല്‍ ആനുകൂല്യം പിന്‍വലിച്ചത്തോടെ സാധാരണക്കാരായ പ്രവാസികളും, കാര്‍ഗോ സ്ഥാപനങ്ങളും, ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പ്രതിസന്ധിയില്‍ ആവുകയാണ്. സാമൂഹിക സംഘടനകളും, സാധാരണക്കാരും ഇതിനെതിരെ പ്രതികരിക്കണമെന്ന് കാര്‍ഗോ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സൗദിയില്‍ നിന്നും നേരത്തെ ദിനംപ്രതി ശരാശരി നൂറു ടണ്‍ സാധനങ്ങള്‍ പോയിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് പത്ത് ടണ്‍ മാത്രമാണ്. അതേസമയം പുതിയ നിയമം നിലവില്‍ വരുന്നതിനു മുമ്പയച്ച പല സാധനങ്ങളും നാട്ടിലെത്താന്‍ കാലതാമസം നേരിടുന്നതായി ചില കാര്‍ഗോ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ഉയരുന്നുണ്ട്.
