മൂന്നുമാസത്തിനിടെ സൗദിയിൽ അറുപതിനായിരത്തിലേറെ വിദേശികളുടെ ജോലി നഷ്ടപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ട്. ഇതിനിടെ റെന്റ് എ കാർ മേഖലയിൽ അഞ്ചു മാസത്തിനു ശേഷം സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുമെന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം.
രണ്ടാം പാദത്തിലെ കണക്കുപ്രകാരം സൗദിയിൽ 10.79 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. എന്നാൽ ആദ്യ പാദത്തിൽ 10.85 ദശലക്ഷത്തിലേറെ വിദേശ തൊഴിലാളികളുണ്ടായിരുന്നു. അതായത് മൂന്നു മാസത്തിനിടെ സൗദിയിൽ ജോലി നഷ്ടപ്പെട്ടത് 61500 വിദേശികൾക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരമാണ് റിപ്പോർട്ട്.
സർക്കാർ, സ്വകാര്യ മേഖലകളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 3.05 ദശലക്ഷമായി ഉയർന്നു. ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 66 ശതമാനവും പുരുഷന്മാരാണ്.
എന്നാൽ വനിതകൾ 1.02 ദശലക്ഷമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തു നിലവിലുള്ള തൊഴിൽ അന്വേഷകരിൽ 80 ശതമാനവും വനിതകളാണ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. വിവിധ മേഘലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിവരുകയാണ്. റെന്റ് എ കാർ മേഖലയിൽ അഞ്ചു മാസത്തിനു ശേഷം സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുമെന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബഖൈൽ അറിയിച്ചു.
