കഴിഞ്ഞ വര്‍ഷം സൗദിയില്‍ അഞ്ചര ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വദേശീവല്‍ക്കരണ പദ്ധതികള്‍ ആണ് ഈ തിരിച്ചടിക്ക് കാരണം. 2017-ല്‍ സൗദിയില്‍ 5,58,716 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്ത് വിട്ട കണക്ക് വെളിപ്പെടുത്തുന്നു. 1,21,789 സ്വദേശികള്‍ക്ക് കഴിഞ്ഞ വര്‍ഷം പുതുതായി ജോലി ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 18,62,118 സൌദികള്‍ ആണ് തൊഴില്‍ മേഖലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോള്‍ ഇത് 19,83,907 ആയി വര്‍ധിച്ചു. 6.5 ശതമാനം വര്‍ധനവ്. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 85,18,206 ആയിരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ഷാവസാനം ആയപ്പോള്‍ 79,59,490 ആയി കുറഞ്ഞു. അതായത് വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് ഏഴു ശതമാനം കുറഞ്ഞു. സ്വദേശീവല്‍ക്കരണ പദ്ധതികളും അനധികൃത വിദേശ തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച നടപടികളുമാണ് ഈ മാറ്റത്തിന് കാരണം.
