മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി രാജാവ് കുവൈത്തിലെത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാൻ ഇരു രാജ്യങ്ങളും പരിശ്രമിക്കുമെന്ന് കുവൈത്ത് അമീര്‍ വ്യക്തമാക്കി.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഇന്ന് കുവൈറ്റിലെത്തിയത്. സൗദി രാജാവായി 2015 ജനുവരി 23 ന് അധികാരമേറ്റശേഷം അദ്ദേഹം നടത്തുന്ന ആദ്യ കുവൈത്ത് സന്ദര്‍ശനമാണിത്. വര്‍ഷങ്ങളായി കുവൈറ്റും സൗദിയും തമ്മിലുള്ള ഊഷ്‍മളബന്ധം ഉറപ്പിക്കാനായാണ് സൗദി രാജാവ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈറ്റിലെത്തുന്ന അദ്ദേഹം അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുമായി കൂടക്കാഴ്ച നടത്തും. ബഹ്‍റൈനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ജിസിസി ഉച്ചകോടിക്കുശേഷമാണ് അദ്ദേഹം കുവൈത്ത് സന്ദര്‍ശിക്കുന്നത്. സൗദി രാജാവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും നല്ല ബന്ധവും വര്‍ധിപ്പിക്കുമെന്ന് അമീര്‍ ഷേഖ് സാബാ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാതൃകാപരവും ശക്തവും ചരിത്രപരവുമാണ്. ആപത്തിലും പ്രതിസന്ധിഘട്ടങ്ങളിലും ഇരുരാജ്യങ്ങളിലെയും ജനങ്ങളും നേതാക്കളും ഒറ്റക്കെട്ടായി നിന്നിരുന്നെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. ഇറാക്ക് അധിനിവേശക്കാലത്ത് പിന്തുണയും സഹായവും നല്‍കിയ സൗദി, സദ്ദാം ഹുസൈന്റെ സൈന്യത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ആവശ്യമായ സൈനിക സഹായം നല്‍കിയതായും അമീര്‍ കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും അഭിലാഷമനുസരിച്ച് അറബ്, മുസ്ലിം രാജ്യങ്ങള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാനും അന്താരാഷ്ട്ര തലത്തില്‍ സമാധാനവും ശാന്തിയുമുണ്ടാകാനും സൗദിയും കുവൈറ്റും പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
