റിയാദ്: ഭീകരതയെ വച്ചുപൊറുപ്പിക്കില്ലെന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നില കൊള്ളണമെന്നും രാജാവ് പെരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ഭീകരതക്കെതിരെ സൗദി അറേബ്യ നടത്തുന്ന യത്നങ്ങളില്‍ പൊതു സമൂഹം ഒറ്റക്കെട്ടായി നില കൊള്ളുമെന്നു സൗദി ഭരണാധികാരി പെരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഉരുക്കു മുഷ്ടിക്കൊണ്ട് നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുസ്‌ലിം സമൂഹവും ലോകവും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണു ഭീകരവാദ പ്രവര്‍ത്തനം.

ഇതിനെതിരെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി നില കൊള്ളണമെന്നും രാജാവ് ആവശ്യപ്പെട്ടു. യുവാക്കള്‍ ഭീകരപ്രവര്‍ത്തന ചിന്തയിലേക്കു വഴിതെറ്റി പോവുന്നത് ഏറ്റവും അപകടകരമായ പ്രവണതയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവ് പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.

അതേസമയം ജിദ്ദയിലും ഖത്തീഫിലും മദീനയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ ദേശീയ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. സൗദി അറേബ്യ സുരക്ഷിതമാണെന്നും ഓരോ ദിവസം കഴിയുന്തോറും രാജ്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരികയാണെന്നും കിരീടാവകാശി പറഞ്ഞു.