തൊഴിൽ നിയമങ്ങളിൽ വ്യക്തത വരുത്തി സൗദി തൊഴില്‍ മന്ത്രാലയം. സ്വദേശികളുടെ തൊഴിൽ ഇടങ്ങളിൽ വിദേശികൾക്ക് ഒരു കാരണവശാലും ജോലിക്ക് അനുവാദം കിട്ടില്ല. സ്വദേശികളെ വിവാഹം ചെയ്ത വിദേശികള്‍ക്ക് ജോലിചെയ്യാമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. താമസരേഖ കൈവശമില്ലാതെ പുറത്തിറങ്ങുന്ന വിദേശികള്‍ക്ക് മൂവായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നല്‍കി.

താമസ രേഖയായ ഇഖാമ കൈവശമില്ലാതെ പിടിയിലാകുന്ന വിദേശികള്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പാസ്പോര്‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നല്‍കി.  മുവ്വായിരം റിയാല്‍ പിഴയോ ആറാഴ്ചത്തെ തടവോ ഇത് രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.

ഇഖാമ കൈവശം വെക്കാതെ വിദേശികള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം ഓര്‍മിപ്പിച്ചു. അതേസമയം സ്വദേശികള്‍ക്ക് നീക്കി വെച്ച തസ്തികകളില്‍ ജോലി ചെയ്യാന്‍ ഒരു കാരണവശാലും വിദേശികളെ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. നൂറ് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കിയ ജ്വല്ലറികളില്‍ സൗദി വനിതകളുടെ വിദേശിയായ ഭര്‍ത്താക്കന്‍മാര്‍ക്കും മക്കള്‍ക്കും ജോലി ചെയ്യാം എന്ന തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം സ്വകാര്യ മേഖലയില്‍ സൌദികളുടെ ചുരുങ്ങിയ ശമ്പളം അയ്യായിരം റിയാല്‍ ആക്കി വര്‍ധിപ്പിക്കാനുള്ള ബില്‍ അടുത്ത ചൊവ്വാഴ്ച സൗദി ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്‌. മൂന്നു വര്‍ഷം മുമ്പാണ് ഇതുസംബന്ധമായ നിര്‍ദേശം കൌണ്‍സില്‍ അംഗം മുഹമ്മദ്‌ അല്‍ നാജി മുന്നോട്ടു വെച്ചത്. പെന്‍ഷന്‍ വിതരണം, പാവപ്പെട്ടവര്‍ക്കുള്ള ധനസഹായം എന്നിവയുടെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതും കൌണ്‍സില്‍ ചര്‍ച്ച ചെയ്യും.